ജമ്മു: അമര്‍നാഥ് യാത്രക്കു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്ത്വം ലഷ്‌കര്‍ ഇ തോയ്ബ ഏറ്റെടുത്തു. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ജമ്മു കശ്മീര്‍ ഗവര്‍ണറും ഉന്നതതല യോഗം വിളിച്ചു.
തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബറ്റാന്‍ഗൂ മേഖലയില്‍ തിങ്കളാഴ്ച രാത്രി 8.20നാണ് ആക്രമണമുണ്ടായത്. ഏഴു തീര്‍ഥാടകര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്‍കക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
ബോട്ടെങ്കൂവിലായിരുന്നു ആദ്യത്തെ ആക്രമണം. ഇവിടെ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു പിന്നിലായിരുന്നു പോലീസ് വാന്‍. ഇവിടെ താര്‍ഥാടകര്‍ മരിച്ചതായി സൂചനയില്ല. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്.
കൂടുതല്‍ സൈനികരേയും പോലീസുകാരേയും പ്രദേശത്തു വിന്യസിച്ചു. എത്രയും വേഗം സൈന്യം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് വ്യക്തമാക്കി. പതിനേഴു വര്‍ഷത്തിനു ശേഷമാണ് അമര്‍നാഥ് യാത്രക്കു നേരേ ആക്രമണമുണ്ടാകുന്നത്.
















