മയ്യഴി: മാഹിയിലെ ഏക ഗവ.ഫ്രഞ്ചു ഹൈസ്‌കൂളായ എക്കോള്‍ സെന്ത്‌റാള്‍ എ കൂര്‍ കോംപഌമാന്തേറിലെ മുന്‍ പ്രഥമാധ്യാപകനും തലമുറകള്‍ക്ക് ഫ്രഞ്ചു ഭാഷയുടെ തനിമയും ഗരിമയും പകര്‍ന്നു നല്‍കിയ ഗുരുനാഥനുമായ കായനാടത്തു രാഘവന്‍ മാസ്റ്ററെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്‌മ വിദ്യാലയാങ്കണത്തില്‍ ആദരിച്ചു.
ഗുരുപൂര്‍ണിമ ദിനത്തില്‍ വന്നുചേര്‍ന്ന തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് പൂര്‍വ്വ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയയും നാട്ടുകാരുടെയും സാന്നിധ്യംകൊണ്ട് ഹൃദ്യമായി. ഗവ.ഫ്രഞ്ചു ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും പ്രമുഖ കഥാകൃത്തുമായ എം.രാഘവന്‍ നവതിയാഘോഷ സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദാര്‍ഥികളുടെ ഉപഹാരം അദ്ദേഹം കായനാടത്തു രാഘവന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.
നിരവധി ആളുകള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. മുന്‍ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ സത്യനന്ദന്‍, എം.മുസ്തഫ, കെ.വിശ്വനാഥന്‍, സ്റ്റാന്‍ലി, പോള്‍ ഷിബു എന്നിവര്‍ സംസാരിച്ചു.
















