പെരിങ്ങോട്ടുകര: അന്തിക്കാട് റൂട്ടിലെ ബസ്സുകള്‍ ട്രിപ്പ് മുടക്കി സര്‍വ്വീസ് നടത്തുന്നതായി പരാതി. തൃശൂര്‍ – തൃപ്രയാര്‍ ,തൃശൂര്‍ – ആലപ്പാട്, പുള്ള് എന്നിവിടങ്ങളിലേക്ക് അന്തിക്കാട് വഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് ട്രിപ്പുമുടക്കി തിരിച്ചു പോകുന്നത്.
വൈകീട്ട് 6.30 ന് ശേഷമാണ് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ ട്രിപ്പ് അവസനിപ്പിച്ച് തിരിച്ചു പോകുന്നത്. തന്മൂലം അന്തിക്കാട് വഴി തൃപ്രയാര്‍ക്കും ആലപ്പാട്, പുള്ള് എന്നിവിടങ്ങളിലേക്കും പോകേണ്ട യാത്രക്കാര്‍ക്ക് സെന്ററില്‍ ഇറങ്ങി മറ്റുവാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ സമയനഷ്ടവും പണ നഷ്ടവും ഉണ്ടാകുന്നു.
കടകളിലും മറ്റും ജോലി ചെയ്ത് വൈകീട്ട് വീട്ടിലേക്ക് തിരിച്ചു വരുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 7.30 ന് ശേഷം അന്തിക്കാട് വഴി തൃശൂര്‍ക്ക് സര്‍വ്വീസ് നടത്തേണ്ട ബസ്സുകളുണ്ടെങ്കിലും അവയും സര്‍വ്വീസ് നടത്തുന്നില്ല. ട്രിപ്പുമുടക്കുന്ന വാഹനങ്ങള്‍ക്കെതിരെ അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. ട്രിപ്പ് ഷീറ്റിലെ സമയക്രമം അനുസരിച്ച് സര്‍വ്വീസ് നടത്താത്ത വാഹനങ്ങളുടെ പേരില്‍ നടപടിയെടുത്ത് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
















