ചങ്ങനാശേരി: താലൂക്കാഫീസിലെ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. താലൂക്ക് ആഫീസില്‍ പട്ടികജാതി വിഭാഗത്തിന് യഥാസമയം ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിന്മേലാണ് ത്വരിതപരിശോധന. അര്‍ഹതയുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജോലിക്കുള്ള അവസരം നഷ്ടപ്പെട്ട പട്ടികജാതി വിഭാഗക്കാരനായ പരാതിക്കാരന്‍ നിയമാനുസരണം മതിയായ രേഖകള്‍ ഹാജരാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചുപോയ പിതാവിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍.
നടപടി ശരിവെച്ച തഹസില്‍ദാരുടെ നിലപാടാണ് ജോലി നഷ്ടപ്പെടാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു. പിതാവിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കുന്നതിനായി ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് പരാതിക്കാരന്‍ മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മീഷനിലും മൊഴി നല്‍കി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും അറിയുന്നു.
















