തൊടുപുഴ: കാട്ടാനയെ കണ്ട് വിരണ്ടോടുന്നതിനിടെ വീണ് വനംവകുപ്പ് ജീവനക്കാരന് പരിക്ക്. ഇന്നലെ രാവിലെ 11.30 യോടെ തൊടുപുഴ ഫോറസ്റ്റ് ഡിവിഷന് കീഴിലെ കുളമാവ് സെക്ഷനിലാണ് സംഭവം.
കുളമാവ് സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡും തൊടുപുഴ സ്വദേശിയുമായ രതീഷിനാണ് വീണ് പരിക്കേറ്റത്. വള്ളിയില്‍ തട്ടി വീണ ഇയാളുടെ നെഞ്ചിന് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. മീന്‍മുട്ടിയ്‌ക്ക് സമീപം അഞ്ചാംമൈലില്‍ പതിവ് പരിശോധനയ്‌ക്കിടെ ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു രതീഷ് അടങ്ങിയ അഞ്ചംഗ സംഘം. സമീപത്തെ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പതിവായി പാറയുടെ മുകളിലിരുന്ന് ഉച്ചത്തില്‍ ബഹളം വയ്‌ക്കാറുണ്ട്. ഇത് ആനയുള്‍പ്പെടെയുള്ള മൃഗങ്ങളെ പ്രകോപിക്കുന്നതായും ഇത്തരത്തില്‍ ഇന്നലെ ശബ്ദം ഉണ്ടാക്കിയതാണ് ആന ആക്രമിക്കാന്‍ കാരണമെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
പതിവായി ആനകളെ ഇവിടെ കാണാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ഇവര്‍ വിശദീകരിക്കുന്നു. ശബ്ദം കേട്ട് വിരണ്ട് മുന്നോട്ടെത്തിയ ആനയുടെ മുന്നില്‍ അബദ്ധത്തില്‍ പെടുകയായിരുന്നെന്നും ഓടാന്‍ ശ്രമിച്ചെങ്കിലും ഊര്‍ക്കാപുറമായിരുന്നതിനാല്‍ വള്ളിയില്‍ തട്ടി വീഴുകയായിരുന്നെന്നും രതീഷ് പറഞ്ഞു. സലീം, പ്രശാന്ത്, ഹമീദ്, ചെല്ലപ്പന്‍ എന്നിവരും രതീഷിനൊപ്പം പരിശോധനകള്‍ക്കായി ഉണ്ടായിരുന്നു. മറ്റാര്‍ക്കും പരിക്കില്ല.
സംഭവത്തെ തുടര്‍ന്ന് കോളേജ് അധികൃതര്‍ക്ക് മൃഗങ്ങള്‍ക്ക് അലോസരം ഉണ്ടാകുന്ന തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ബഹളം വയ്‌ക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കോട്ടയം- തൊടുപുഴ ഡിവിഷനുകളുടെ ബോര്‍ഡറാണ് ആനയുടെ അക്രമണം ഉണ്ടായ സ്ഥലം.
















