ആത്മഹത്യാഭീഷണി മുഴക്കിയ സ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍
കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ കീഴില്ലം പറമ്പിപ്പീടികയില്‍ കള്ളുഷാപ്പ് തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. ഇന്നലെ രാവിലെ പ്രദേശവാസികളായ സ്ത്രീകള്‍ ഷാപ്പിനുള്ള കെട്ടിടത്തിന് ഉള്ളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഷാപ്പിന്റെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു.
കന്നാസിലും, കുപ്പിയിലും നിറയെ പെട്രോളും ലൈറ്ററുമായിട്ടാണ് കെട്ടിടത്തിന് അകത്ത് കയറിയത്. ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തില്‍ പോലീസും, അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. കുന്നത്തുനാട് തഹസീല്‍ദാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും ഇവിടെയെത്തി. സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞതോടെ സമരക്കാര്‍ പിന്മാറി.
അടുത്ത ദിവസം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം സമരം ചെയ്തവര്‍ക്ക്‌നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നൂറ് കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ മദ്യശാല വന്നാല്‍ ജനജീവിതം ദുസ്സഹമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
















