തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുമായി ഇന്നു തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. ഈ മാസം 11 ന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണു സര്‍ക്കാര്‍ ഇടപെടല്‍.
സെക്രട്ടറിയേറ്റിനു മുന്നില്‍ നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഏഴാം ദിനത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിര ചര്‍ച്ചയ്‌ക്കു വിളിച്ചത്. നഴ്‌സുമാരുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ഈ മാസം 20നാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.
സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ മാസം 11 ന് നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം പ്രഖ്യാപിച്ചിരുന്നു.
പനി പടരുന്ന സാഹചര്യത്തില്‍ സമരം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. മാസശമ്പളം 22,000 രൂപയാക്കണമെന്നതാണ് നഴ്‌സുമാരുടെ ആവശ്യം. ലേബര്‍ കമ്മീഷണറുമായി നാലു തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റുകള്‍ വഴങ്ങാത്തതു കാരണം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
















