ന്യൂഡൽഹി : പാറ്റാ സമരത്തിനൊപ്പം ചേർന്ന് രാജ്യത്ത് അക്രമം ഇളക്കിവിടാനുള്ള നീക്കം സുരക്ഷാ സേന തകർത്തു . നേപ്പാളിൽ നിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്താനുള്ള നീക്കമാണ് പൊളിച്ചത്. ഖാലിസ്ഥാൻ വിഘടനവാദ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’യിലെ സജീവ അംഗം ബിക്രംജിത് സിംഗ്,യുഎസ് പൗരത്വമുള്ള മൻബീർ സിംഗ് ധില്ലൺ എന്നിവരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവർക്ക് സഹായം ചെയ്ത മൂന്ന് പ്രാദേശിക ഗുണ്ടകളും കുടുങ്ങി.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) യുടെ 42-ാമത് ബറ്റാലിയനും ലോക്കൽ പോലീസും റുപൈദിഹ അതിർത്തിയിലാണ് സുപ്രധാന ഓപ്പറേഷൻ നടത്തിയത് .വിസയില്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു സിഖ്-അമേരിക്കൻ പൗരനായ മൻബീർ സിംഗ് ധില്ലൻ.നിലവിലുള്ള അസ്ഥിരമായ അന്തരീക്ഷം മുതലെടുത്ത് അക്രമത്തിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
2023 ഫെബ്രുവരിയിൽ പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിൽ നടന്ന അക്രമത്തിലും, കൊലപാതകശ്രമത്തിലും പ്രതിയാണ് ബിക്രംജിത് . പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാൾ വ്യാജ ഐഡന്റിറ്റി സ്വീകരിച്ചും വ്യാജ രേഖകൾ ഉപയോഗിച്ചും നേപ്പാളിലെ കാഠ്മണ്ഡുവിൽ ഒളിച്ചിരിക്കുകയായിരുന്നു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
















