കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടനുണ്ടാകും. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ കാവ്യയുടെ അമ്മ ശ്യാമള, ദിലീപ്, നാദിർഷാ എന്നിവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ചില ശാസ്ത്രീയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പൾസർ സുനിയുമായി ബന്ധപ്പെട്ടയാൾ ഒരു മാഡത്തെ പറ്റി സൂചിപ്പിച്ചിരുന്നു. ഇത് കാവ്യയാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കാവ്യയുടെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലും കാവ്യയുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വഷണം കാവ്യയുടെ അമ്മ ശ്യമളയിലേക്ക് തിരിയുന്നത്.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിൻസൻ കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ നടൻ ദിലീപിനും സംവിധായകൻ നാദിർഷാക്കുമെതിരെ ചില കാര്യങ്ങൾ പറഞ്ഞതായും സൂചനയുണ്ട്. പൾസർ സുനിക്ക് ഇരുവരുമായും ചില ഇടപാടുകളുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്. കാക്കനാടുള്ള കാവ്യാ മാധവന്റെ ഓൺലൈൻ വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ ഒരു സാധനം ഏൽപ്പിച്ചതായി പൾസർ സുനി പറയുന്നത് കേട്ടതായും ജിന്‍സണ്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൾസർ സുനിയോ അല്ലെങ്കിൽ സഹതടവുകാരനായിരുന്ന വിഷ്ണുവോ ആയിരിക്കാം ഈ സാധനം കാവ്യയുടെ സ്ഥാപനത്തിൽ എത്തിച്ചതെന്നാണ് സൂചന.
















