കൊച്ചി: പൂട്ടിയ ബാറുകള്‍ മൂന്നു വര്‍ഷത്തിനുശേഷം തുറന്നപ്പോള്‍ അതൊരു ആഘോഷമായി. തുറക്കുന്ന ബാറുകളുടെ പേരുകള്‍ നേരത്തെ മനസിലാക്കി അതിരാവിലെ തന്നെ ആദ്യ പെഗ്ഗടിക്കാന്‍ ആളുകള്‍ തിരക്കുകൂട്ടി. തുറക്കാത്ത ബാറിന് മുന്നില്‍ തുറക്കുമെന്ന് കാത്ത് നിന്ന് മടങ്ങിയവരും ഏറെ. കൊല്ലത്ത് ബാറിന് മുന്നല്‍ പടക്കം പൊട്ടിച്ചാണ് കുടിയന്മാര്‍ ആഘോഷിച്ചത്. ഇവരെ പിന്നീട് പോലീസ് പിടികൂടി.
ശനിയാഴ്ച ഡ്രൈ ഡേ ആയതിനാല്‍ അനുമതി ലഭിച്ച ബാറുകള്‍ക്ക് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് പല ബാറുകളിലും മദ്യം എത്തിത്തുടങ്ങിയത്. ഇതോടെ, രാവിലെ 11ന് ചിലയിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനായില്ല. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.
ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യ നയം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകളാണ് തുറന്നത്.
81 ബാറുകളാണ് ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നത്. 2014 മാര്‍ച്ച് 31ന് മുമ്പ് ബാര്‍ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. 3409 കള്ളുഷാപ്പുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്.
സര്‍ക്കാറിന്റെ പുതിയ മദ്യനയം വന്നതോടെ ബാറുകളുടെ എണ്ണം 100 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറന്നത് എറണാകുളം ജില്ലയിലാണ്. 21 ബാറുകള്‍. ഒരു ബാറുള്ള ഇടുക്കിയാണ് പിന്നില്‍.
നേരത്തെ ബാര്‍ പ്രവര്‍ത്തിച്ചിരുന്ന ടൂ സ്റ്റാര്‍ ഹോട്ടലുകളും കൂടുതല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ത്രീസ്റ്റാര്‍ പദവി സ്വന്തമാക്കി ബാര്‍ ലൈസന്‍സിനായി ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസിന് അപേക്ഷ ലഭിക്കുന്നുണ്ട്.
















