കട്ടപ്പന: നാടക രംഗത്ത് തിളങ്ങി ദമ്പതികളായ പ്രിന്‍സും മരിയയും ഇടുക്കിയുടെ അഭിമാന താരങ്ങളാകുന്നു. മലയാള പ്രഫഷണല്‍ നാടകവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരദമ്പതികളാണ് കമ്പിളികണ്ടം സ്വദേശികളായ പ്രിന്‍സ് ആന്റണി അഗസ്റ്റിന്‍(23), മരിയ(21) എന്നിവര്‍.
കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച പ്രഫഷണല്‍ നാടകം എന്ന ബഹുമതി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വെയില്‍ എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന്‍ നല്‍കിയത് പ്രിന്‍സും മരിയയുമാണ്. 2017 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രചന, സംവിധാനം, ഉള്‍പ്പെടെ ആറോളം അവാര്‍ഡുകളും വെയിലിനെ തേടിയെത്തി. 2016 ഒക്ടോബര്‍ മുതല്‍ 2017 മെയ് വരെ 210 വേദികളില്‍ വെയില്‍ നിറഞ്ഞാടി.
ഡബ്‌സ്മാഷിലൂടെയും മരിയ സോഷ്യല്‍ മീഡിയകളില്‍ താരമാവുകയാണ്. തേന്മാവിന്‍ കൊമ്പത്തു എന്ന സിനിമയിലെ കാര്‍ത്തുമ്പിയുടെ ശബ്ദത്തിനു ഭാവം പകര്‍ന്നു ഭാഗ്യലക്ഷ്മിയെ വരെ അതിശയിപ്പിക്കും തരത്തില്‍ പോസ്റ്റ് ചെയ്ത ഡബ്‌സ്മാഷ് (സിനിമയിലെ ശബ്ദത്തിനൊപ്പമുള്ള അഭിനയം) സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഡബ്‌സ്മാഷ് ഇട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആറുലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്. എന്നാല്‍ പ്രഫഷണല്‍ നാടകവേദിയിലെ നിറസാന്നിധ്യമായ മരിയ എന്ന നാടക നടിയെ പലര്‍ക്കും അപരിചിതയാണ്.
ചെറുപ്പം മുതല്‍ക്കേ അഭിനയമോഹം മനസ്സില്‍ ഊട്ടിവളര്‍ത്തിയ ഈ താര ദമ്പതികള്‍ കലാലയ ജീവിതത്തി ല്‍ തന്നെ കലരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചില നേരങ്ങളില്‍ ചിലര്‍ എന്ന നാടകത്തിലൂടെയാണ് ഇവര്‍ ആദ്യമായി നാടക രംഗത്ത് എത്തുന്നത്. സഖാവ്, കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ മലയാള സിനിമകളില്‍ ചെറിയ വേഷം ചെയ്യുവാനും മരിയക്ക് സാധിച്ചു.
















