തിരുവനന്തപുരം: ഇന്നത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ നാളത്തെ തൊഴില്‍ദാതാക്കളാകണമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. അതിന് അനുകൂലമായ സാഹചര്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രതൊഴില്‍ മന്ത്രാലയവും കൊച്ചി ആസ്ഥാനമായ സൈനും ചേംബര്‍ ഓഫ് കോമേഴ്‌സും സംയുക്തമായി നടത്തിയ തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലന്വേഷകര്‍ വെറും തൊഴില്‍ ദാതാക്കളായാല്‍ പോര. സംരംഭകരായി ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്ന സാമ്രാജ്യത്തിന് ഉടമകളാകണം. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഇതിന് സഹായകരമാണ്. എംഎല്‍എ സ്ഥാനത്ത് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഒ. രാജഗോപാല്‍ ഏവര്‍ക്കും മാതൃകയാണ്. സാധാരണ എല്ലാവരും വാര്‍ഷികം ആഘോഷമാക്കുമ്പോള്‍ അദ്ദേഹം ജനോപകാരപ്രദമായ തൊഴില്‍മേള സംഘടിപ്പിച്ചത് അനുകരണീയമാണ്. നമ്മുടെ പ്രധാനമന്ത്രി മോദിയെ മാതൃകയാക്കി ചെറുപ്പക്കാര്‍ രാജ്യവികസനത്തിന് മികച്ച സംഭാവനകള്‍ നല്കണം. രാജ്യത്ത് തൊഴില്‍ സംസ്‌കാരം മാറിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംരംഭകനായ എ.കെ. ഫൈസലിന് മന്ത്രി ഫലകം നല്കി ആദരിച്ചു.
യുവാക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കൈയെടുത്താണ് കേന്ദ്രത്തില്‍ നൈപുണ്യവികസനമെന്ന പുതിയ വകുപ്പ് രൂപീകരിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. സൈനിന്റെ ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് ഷിബു പ്രഭാകര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് സൈന്‍ സംഘടിപ്പിച്ച പതിന്നാലാമത് തൊഴില്‍ മേളയാണിത്.
















