കൊല്ലം: താര സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റ് ഇന്നസെന്റിന് കത്ത് അയച്ചു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം.
നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ‘അമ്മ’യുടെ യോഗത്തിന് മുന്‍പ് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ കത്തില്‍ ഉന്നയിക്കുന്നത്. താന്‍ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളില്‍ ഇന്നസെന്റ് ഇടപെട്ടില്ല.
നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്‌ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും ഗണേഷ് കത്തില്‍ പറയുന്നു. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്കു മുമ്പു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയെ ഏറെ പ്രതിരോധിക്കുകയും തങ്ങള്‍ ഒറ്റക്കെട്ടാണെന്നു രോഷം കൊള്ളുകയും ചെയ്ത ഗണേഷ് കുമാറാണ് ദിവസങ്ങള്‍ക്കുശേഷം നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
















