കൊച്ചി: കൊച്ചിയില്‍ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ വെണ്ണലയിലെ വില്ലയിലും പോലീസ് പരിശോധനയ്‌ക്കെത്തി. ശനിയാഴ്ചയായിരുന്നു അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ രണ്ടു തവണ എത്തിയിട്ടും വില്ലയില്‍ ആളില്ലാത്തതിനാല്‍ പോലീസ് മടങ്ങി. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്.
കഴിഞ്ഞദിവസം പോലീസ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ റെയ്ഡ് നടത്തിയിരുന്നു. നടിയെ തട്ടികൊണ്ടുപോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്‌ക്കു രണ്ടു വരെ നീണ്ടു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്‌ക്കായി സി.ഡിറ്റിലേക്ക് അയയ്‌ക്കും. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പറയുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. യുവനടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു പ്രതി പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍പോകും മുന്‍പാണ് കാക്കനാട്ടെ കടയിലെത്തിയതായി സുനില്‍ മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞിരുന്നു.
















