തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്‌ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം ഐഒസി അംഗീകരിച്ചു. സമരസമിതി പ്രതിനിധികളുമായി സെക്രട്ടേറിയറ്റില്‍ ഇന്നലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പദ്ധതി സര്‍ക്കാര്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നാട്ടുകാരുടെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും ചര്‍ച്ചയ്‌ക്കുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഈ തീരുമാനം സമരസമിതിയും സ്വാഗതം ചെയ്തതോടെ പുതുവൈപ്പിലെ സംഘര്‍ഷത്തിനു താത്ക്കാലിക ശമനമായി.
പ്ലാന്റ് നിര്‍മാണം പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണം ഗൗരവമുള്ളതാണെന്നും പരിശോധിക്കാന്‍ ഉന്നതസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി വേണ്ടെന്നുവയ്‌ക്കുന്നത് തെറ്റായ സന്ദേശം നല്കും. വിദഗ്ധസമിതിയുടെ പരിശോധന തീരുന്നതുവരെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്‌ക്കാമെന്ന് ഐഒസി സമ്മതിച്ചിട്ടുണ്ട്. ഇതുമായി സഹകരിക്കാമെന്ന് സമരസമിതിയും അറിയിച്ചു.
















