കാന്തല്ലൂര്‍ (ഇടുക്കി): സംസ്ഥാനത്ത് ആപ്പിള്‍ കൃഷിക്ക് പേരുകേട്ട കാന്തല്ലൂരില്‍ ആപ്പിള്‍ വസന്തം വരവായി. പാകമായി വരുന്ന ആപ്പിള്‍ തോട്ടങ്ങളില്‍ അടുത്തമാസത്തോടെ വിളവെടുപ്പ് ആരംഭിക്കും. പ്രകൃതി കനിഞ്ഞ് നല്കിയ കാലാവസ്ഥയാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ കാന്തല്ലൂര്‍, കീഴാന്തൂര്‍, പുത്തൂര്‍, പെരുമല, ചെങ്കല്ലാര്‍ എന്നിവിടങ്ങളെ ആപ്പിള്‍ കൃഷിക്ക് പ്രിയപ്പെട്ടതാക്കിയത്.
നൂറോളം കര്‍ഷകര്‍ ഇവിടെ ആപ്പിള്‍ കൃഷി ചെയ്യുന്നു. ജലം ചൂഷണം ചെയ്യുന്ന ഗ്രാന്റീസ് കൃഷിയാണ് മുന്‍കാലങ്ങളില്‍ ഇവിടെ നടത്തിയിരുന്നത്. ഗ്രാന്റീസ് മരങ്ങള്‍ പിഴുത് കളഞ്ഞ് ആപ്പിള്‍ നടാന്‍ കൃഷി വകുപ്പും സഹായവുമായെത്തി. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ തൈകള്‍ കൃഷി വകുപ്പ് സൗജന്യമായി നല്കി.
കാന്തല്ലൂര്‍ റ്റി.വി. ജോര്‍ജ്ജ് തണ്ടക്കല്ലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ ആപ്പിള്‍ തോട്ടം വിളവെടുപ്പിന് പാകമായി. ആപ്പിള്‍ വിറ്റ് ലഭിക്കുന്നതിലും പണം, ആപ്പിള്‍ തോട്ടം കാണാനെത്തുന്ന സന്ദര്‍ശകരില്‍ നിന്നു ലഭിക്കുന്നു. സന്ദര്‍ശകര്‍ക്ക് ആപ്പിള്‍ തോട്ടം കാണുന്നതിന് ഒരാള്‍ക്ക് ഇരുപത് രൂപ വരെ വാങ്ങുന്ന ഇടങ്ങളുണ്ട്. റിസോര്‍ട്ടുകാരാണ് ഇത്തരത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് പണം സമ്പാദിക്കുന്നതിലധികവും. ചുവപ്പ്, പച്ച ഇനങ്ങളിലുള്ള ആപ്പിളാണ് കാന്തല്ലൂരില്‍ കൂടുതലായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: