കണ്ണൂര്‍: കരാറുറപ്പിച്ച പ്രവൃത്തികളുടെ കുടിശ്ശിക ബില്ലുകളും തുടര്‍ ബില്ലുകളും ജിഎസ്ടിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അധിക നികുതി ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരളാ ഗവ.കോണ്‍ട്രക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പട്ടു. മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായത്തില്‍ നാല് ശതമാനം നിരക്കില്‍ കോമ്പൗണ്ടിങ് നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ക്ക് ജിഎസ്ടിയില്‍ 12 ശതമാനം നികതിയെങ്കിലും നല്‍കേണ്ടി വരും. ഈ അധിക ബാധ്യത കരാറുകാര്‍ക്ക് താങ്ങാനാകില്ല. ഓരോ ബില്ലിലും കുറഞ്ഞത് 8 ശതമാനം അധിക ബാധ്യതയുണ്ടാകും. ജൂലൈ 1 ന് മുന്‍പ് കുടിശ്ശിക ബില്ലുകളുടെ പണം അനുവദിച്ചാല്‍ അധികനഷ്ടം ഒഴിവാക്കാന്‍ സാധിക്കും. ജിഎസ്ടിയില്‍ ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് ലഭിക്കണമെങ്കില്‍ നികുതി വിധേയ ബില്ലുകള്‍ ഹാജരാക്കണം. എന്നാല്‍ മിക്ക നിര്‍മ്മാണ വസ്തുക്കള്‍ക്കും നികുതി വിധേയ ബില്ലുകള്‍ ലഭിക്കാനുള്ള സാഹചര്യമില്ല. ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ എല്ലാ നിര്‍മ്മാണ വസ്തുക്കള്‍ക്കും നികുതി വിധേയ ബില്ലുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളി, ടി.എ.അബ്ദുള്‍ റഹ്മാന്‍, കെ.കെ.രാധാകൃഷ്ണന്‍, സി.രാജന്‍, സി.പി.ദിവാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















