കണ്ണൂര്‍: പ്രാദേശികമായി ജൈവസമ്പത്തിനെ എങ്ങിനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ആലോചിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാകാലത്തും സുഖകരമായി ജീവിക്കാന്‍ കഴിയുന്ന സമ്മിശ്ര കാലാവസ്ഥയാണ് കേരളത്തിലേത്. എന്നാലിന്ന് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഇടമായി അത് മാറിയിരിക്കുന്നു. പരസ്പരം കുറ്റപ്പെടുത്താതെ എങ്ങനെ അവയെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചാണ് ആലോച്ചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനത്തിന് വിപുലമായ ബോധവത്കരണം ഉള്‍പ്പെടെ പദ്ധതികളാണ് ജില്ലാഭരണകൂടം നടപ്പാക്കിയത്. എങ്കിലും അര്‍ഹിക്കുന്ന ഗൗരവത്തോടെ ജനങ്ങള്‍ പദ്ധതി ഏറ്റെടുത്തോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജൈവസമ്പത്ത് കാലം ചെല്ലുന്തോറും അന്യമായിക്കൊണ്ടിരിക്കുകയാണ്. അവയില്‍ ശേഷിക്കുന്നവയെ എങ്കിലും സംരക്ഷിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി ഉമ്മന്‍, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.ദിനേശ് ചെറുവാട്ട്, ജില്ലാ കോര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങള്‍-ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമായുള്ള കര്‍മ്മപദ്ധതികള്‍ (ഡോ. ഉമ്മന്‍ വി ഉമ്മന്‍), ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം (ഡോ. ജാഫര്‍ പാലോട്ട്), പ്രാദേശിക പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ജൈവ വൈവിധ്യ പരിപാലന സമിതികളുടെ പങ്ക് (കെ.വി.ഗോവിന്ദന്‍), ഇതര പദ്ധതികള്‍ വകുപ്പുകള്‍ എന്നിവയുമായുള്ള സംയോജനം (ഡോ ദിനേശന്‍ ചെറുവാട്ട് )എന്നീ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. തുടര്‍ന്ന് വിവിധ പ്രതിനിധികള്‍ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ മുന്‍സിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.
















