തമിഴ് രാഷ്ട്രീയത്തില്‍ എന്നും സിനിമകളേക്കാള്‍ വെല്ലുന്ന നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ശശികലയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ജൈത്രയാത്രയും ഇത് ഒട്ടും കുറയ്ക്കുന്നില്ല. ജയളിതയ്ക്കു പിന്നിലായി ക്യാമറ കണ്ണുകളില്‍ നിന്ന് ഉള്വലിഞ്ഞാണ്് ലോകം എന്നും ശശികലയെ കണ്ടത്.
എല്ലാ പെരുമയും അമ്മ ജയലളിതയ്ക്ക് എന്നതായിരുന്നു ഇവരുടെ തീരുമാനം. ഒരിക്കല്‍ ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരക്ഷരം പോലും മറുത്തുപറയാതെ ശശികല മൗനം പാലിച്ചു. പിന്നീട് അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിചാരണയിലാണ് ശശികല വീണ്ടും പഴയ തോഴി സ്ഥാനം ഏറ്റെടുക്കുന്നത്.
ജയയുടെ ആശുപത്രിവാസക്കാലത്തും ശശികല അവരെ പരിചരിച്ച് ഒപ്പം നിന്നു. തന്റെ എല്ലാ ദേഷ്യവും സഹിക്കുന്നത് ശശികലയാണെന്ന് ജയലളിത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇതാകും ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യതയായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കരുതുന്നത്.
ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നിയമിച്ച പബ്ലിക് റിലേഷന്‍ ഓഫീസര്‍ നടരാജനാണ് ശശികലയുടെ ഭര്‍ത്താവ്. കരുണാനിധിയാണ് ഇവരുടെ വിവാഹം നടത്തിയത്. അക്കാലത്ത് ചെന്നൈയില്‍ വീഡിയോ പാര്‍ലര്‍ നടത്തിയിരുന്ന ശശികലയെ ഐഎഎസ് ഓഫീസറായ ചന്ദ്രലേഖയാണ് നടരാജന്റെ അഭ്യര്‍ത്ഥനയില്‍ ജയലളിതയ്ക്കു പരിചയപ്പെടുത്തിയത്.
അതിനുശേഷം എഐഎഡിഎംകെയുടെ ചില യോഗങ്ങളുടെ വീഡിയോ എടുത്തു. പിന്നീടങ്ങോട്ട് ശശികലയുമായി ജയയുടെ ബന്ധം പാറപോലെ ഉറയ്ക്കുകയായിരുന്നു.
നേരിട്ട് പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുന്ന ശീലം ജയലളിതയ്ക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണം പോലും ട്രാവലറില്‍ ഇരുന്നുകൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ 25 വര്‍ഷത്തോളമായി ജയയുടെ തീരുമാനങ്ങളെല്ലാം പ്രവര്‍ത്തകരിലേക്ക് എത്തിയിരുന്നത് ശശികലയിലൂടെയാണ്.
അതേസമയം ജയ അനധികൃത സ്വത്ത് സമ്പാദത്തില്‍ ഉള്‍പ്പെട്ടത് ശശികലയുടെ സ്വത്തിനോടുള്ള അമിതാസക്തിമൂലമാണെന്നും കിംവദന്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: