തിരുവനന്തപുരം: ആരോപണവിധേയനായ ഉദ്യോഗസ്ഥനെ വിജിലന്‍സ് പ്രത്യേക സംഘം ഒന്നിന്റെ തലവനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയി. ബി. അശോകന്‍ വിജിലന്‍സ് എസ്പിയായി ചുമതലയേറ്റതില്‍ പ്രതിഷേധിച്ചാണ് ബാര്‍ കോഴ, പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈഎസ്പി നന്ദനന്‍പിള്ള അവധിയില്‍ പോയത്. അശോകന് കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് നന്ദനന്‍പിള്ള സര്‍ക്കാരിന് കത്തും നല്‍കി.
നിരവധി ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായ ബി. അശോകനെ പിരിച്ചുവിടണമെന്ന് പിഎസ്സി ഉള്‍പ്പെടെ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഐപിഎസിന് ശുപാര്‍ശ ചെയ്യണമെന്ന് അശോകന്‍ ആവശ്യപ്പെട്ടെങ്കിലും ഏജന്‍സികള്‍ എതിരായിരുന്നതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചില്ല. എന്നാല്‍, എല്‍ഡിഎഫ് അധികാരമേറ്റ ഉടന്‍ ഇദ്ദേഹത്തിന് ഐപിഎസ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു.
രണ്ട് വിജിലന്‍സ് അന്വേഷണം നേരിട്ട അശോകന്‍ വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തെ ഡിവൈഎസ്പി റാങ്കില്‍ നിന്ന് സിഐ ആക്കി തരംതാഴ്‌ത്തയിരുന്നു. കൂടാതെ ചില സ്ത്രീപീഡന കേസുകളിലും അശോകന്‍ പെട്ടിട്ടുണ്ട്.
ബാര്‍ കോഴ, ഫ്ളാറ്റ് നിര്‍മാണത്തിന് പാറ്റൂരില്‍ ഭൂമി കൈയേറ്റം, തച്ചങ്കരിയുടെ കൈക്കൂലിക്കേസ്, ടൈറ്റാനിയം അഴിമതി തുടങ്ങി സുപ്രധാന കേസുകള്‍ അന്വേഷിക്കുന്നത് വിജിലന്‍സ് പ്രത്യേക സംഘം ഒന്നാണ്.
നേരത്തെ എസ്പി ആര്‍. സുകേശനായിരുന്നു തലപ്പത്ത്. അദ്ദേഹം വിരമിച്ച ഒഴിവിലാണ് ബി. അശോകനെ സര്‍ക്കാര്‍ ഈ സ്ഥാനത്ത് നിയമിച്ചത്. വിജിലന്‍സിലെ ഏറ്റവും വലിയ അന്വേഷണ വിഭാഗമാണിത്. അശോകനെ ഇവിടെ നിയമിച്ചത് സുപ്രധാനമായ അഴിമതിക്കേസുകളിലെ അന്വേഷണം അട്ടിമറിക്കാനാണെന്നും ആക്ഷേപമുണ്ട്.
















