ജനീഷയ്‌ക്ക് ഡോ. ജോസ് ചാക്കോ പെരിയപ്പുറം മധുരം നല്‍കുന്നു, അച്ഛനും അമ്മയും സമീപം
കൊച്ചി: ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവച്ച ജനീഷ പുതുജീവിതത്തിലേക്ക് മാത്രമല്ല, ചരിത്രത്തിലേക്കു കൂടിയാണ് കാലെടുത്തു വച്ചത്. പുതിയ ഹൃദയവും ശ്വാസകോശവുമായി ആശുപത്രി വിട്ട ജനീഷ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങും. ഒരു മാസം മുന്‍പാണ് ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വച്ച് ലിസി ആശുപത്രിയും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കേരള വൈദ്യശാസ്ത്ര രംഗത്ത് പുതിയ ചരിത്രമെഴുതിയത്.
ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന ഐസന്‍മെംഗര്‍ എന്ന അപൂര്‍വ രോഗമായിരുന്നു കുട്ടമ്പുഴ സ്വദേശികളായ വര്‍ഗീസിന്റേയും നിര്‍മ്മലയുടെയും മകളായ ജനീഷ(26)യ്‌ക്ക്. കടുത്ത ചുമയും, ശ്വാസതടസവും മൂലം നടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. അവയവങ്ങള്‍ മാറ്റിവയ്‌ക്കുകയാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാരിന്റ മൃതസഞ്ജീവനി പദ്ധതിയില്‍ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് മുഖേന രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ അനുയോജ്യമായത്.
ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. തോമസ് മാത്യു, ഡോ. ജോ ജോസഫ്, ഡോ.എ.ആര്‍. പരമേശ്, ഡോ. രാഹുല്‍ സൈമണ്‍, ഡോ. ജോബ് വിത്സണ്‍, ഡോ.സി. സുബ്രഹ്മണ്യന്‍, ഡോ.ഗ്രേസ് മരിയ, ഡോ. രോഹിത് എസ്. ചന്ദ്ര, ഡോ. മനോരസ് മാത്യു, ഡോ. കൊച്ചുകൃഷ്ണന്‍, ഡോ. സുമേഷ് മുരളി തുടങ്ങിയവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായി. അസി. ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. അജോ മൂത്തേടന്‍ എന്നിവരും സന്നിഹിതരായിരുന്നു.
‘ഇതെന്റെ രണ്ടാം ജന്മം’
‘ജീവിക്കുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്’, മാധ്യമങ്ങളോടു സംസാരിക്കവേ ജനീഷ തൊഴുകൈകളോടെ പറഞ്ഞു. ജനുവരി ആറാം തീയതി കരുനാഗപ്പള്ളിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച നിധിന്റെ (20) അവയവങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജനീഷയുടെ കാര്യത്തില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിര്‍ത്തത്.
പരിശോധനകളില്‍ അനുയോജ്യമാണെന്ന ഫലം കാണിച്ചതോടെ ചെയ്തതോടെ ഡോക്ടര്‍മാര്‍ വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ ശസ്ത്രക്രിയയ്‌ക്ക് തയാറെടുത്തു. ശസ്ത്രക്രിയ തുടങ്ങി നാല് മണിക്കൂറിനുള്ളില്‍ തന്നെ പുതിയ അവയവങ്ങള്‍ ജനീഷയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യന്ത്ര സഹായങ്ങളെല്ലാം പൂര്‍ണമായി ഒഴിവാക്കി. ഒരാഴ്ചയ്‌ക്കകം ജനീഷയെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. വളരെ വേഗം തന്നെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ജനീഷയുടെ അവയവങ്ങളെല്ലാം സാധാരണ രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനിടയില്‍ അവയവങ്ങള്‍ ശരീരത്തില്‍ സ്വീകരിക്കപ്പെട്ടോ എന്നറിയാന്‍ ബയോപ്‌സി എടുത്ത് ചെന്നൈയില്‍ അയച്ച് വിദഗ്ധ പരിശോധന നടത്തി. പരിപൂര്‍ണ തൃപ്തി നല്‍കുന്ന ഫലമാണ് ഇതില്‍നിന്ന് ലഭിച്ചത്.
ആശുപത്രിക്കു സമീപം വാടകയ്‌ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്കാണ് ജനീഷ ഇപ്പോള്‍ താമസം മാറ്റിയത്. തുടര്‍പരിശോധനകള്‍ക്കുള്ള സൗകര്യത്തിനായി ഏകദേശം മൂന്നു മാസത്തോളം ഇവിടെ കഴിയാനാണ് തീരുമാനം. അതിനു ശേഷം വീട്ടിലേക്കു മടങ്ങും. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സന്യാസിനികളും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജനീഷയെ യാത്രയാക്കാന്‍ എത്തി.
















