ന്യൂദല്‍ഹി: രാജ്യത്തെ ചതുപ്പ് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും മാര്‍ച്ച് 31നകം വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി. ചതുപ്പ് നിലങ്ങളായി കണ്ടെത്തിയ 1683 പ്രദേശങ്ങളാണ് വിജ്ഞാപനം ചെയ്യേണ്ടത്.
കേരളത്തിലെ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തുടങ്ങിയ എട്ട് പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് വരുന്നതിനാലാണ് ചതുപ്പ് നിലങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ചതുപ്പ് നിലങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര അതോറിറ്റിയെയും ഉടന്‍ നിയമിക്കണം.
സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളും ചെലവഴിച്ച പണത്തിന്റെ കണക്കും കേന്ദ്രം നാലാഴ്ചയ്‌ക്കകം വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു. ചതുപ്പ് നിലങ്ങളും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ എം.കെ.ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
















