തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്.വെങ്കിടേശപതി നല്‍കിയ റിപ്പോര്‍ട്ട് ശരിവച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടി.
കോളേജ് വളപ്പില്‍ ഉപയോഗിക്കാതെ കിടക്കുന്ന 6.5 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങള്‍ക്ക് ഇടയിലും മറ്റുമായി ഇടവിട്ടുള്ള സ്ഥലങ്ങളും ഉള്‍പ്പടെ 10 ഏക്കറിനടുപ്പിച്ച ഭൂമി തിരിച്ചെടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭൂമി തിരിച്ചെടുക്കുന്നതിന് മുമ്പ് നിയമവകുപ്പുമായി കൂടിയാലോചിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്കാദമിയുടെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്, ഹോട്ടല്‍ കെട്ടിടങ്ങള്‍ എന്നിവ കളക്ടര്‍ ഒഴിപ്പിക്കണം. അക്കാദമിക്ക് അവകാശമില്ലാത്ത,വാട്ടര്‍ അതോറിറ്റിയിലേക്കുള്ള 28 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയിലേക്കുള്ള വലിയ കവാടവും മതിലും പണിതിരിക്കുന്നത്.
കാന്റീന്‍ പ്രവര്‍ത്തനവും മതില്‍ നിര്‍മിച്ചതും കരാര്‍ വ്യവസ്ഥാ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്. കാന്റീന്‍ ഒഴിപ്പിച്ച് മതിലും കവാടവും പൊളിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1984 ല്‍ ഭൂമി പതിച്ചുകിട്ടിയശേഷം സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമവശങ്ങളും രൂപീകരണസമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്താന്‍ തീരുമാനമായി. എന്നാല്‍ പുന്നന്‍ റോഡില്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് സൊസൈറ്റി വിലയ്‌ക്കു വാങ്ങിയതാണെന്നും അതിന്റെ അവകാശം സൊസൈറ്റിക്കാണെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
എന്നാല്‍ ഈ ഭൂമി ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് വ്യവസ്ഥകള്‍ ലംഘിച്ച് കൈമാറിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഭൂമിയുടെ രജിസ്‌ട്രേഷന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന് കൈമാറും. ഭൂമി തിരിച്ചെടുക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ പിഎച്ച് കുര്യനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
11.49 ഏക്കര്‍ സ്ഥലമാണ് 1968 ല്‍ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത്. 1985 ലാണ് ഇത് അക്കാദമിക്കു പതിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ക്ലാസ് മുറികളും അധ്യാപകരുടെ മുറികളും ഓഫീസുകളും അടങ്ങുന്ന പ്രധാന കെട്ടിടം, പിജി ക്ലാസ് മുറികളുടെ കെട്ടിടം, 120 പെണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലും അനക്‌സും, 200 പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന ലൈബ്രറി, മൂട്ട്‌കോര്‍ട്ട് അടക്കം നടത്താവുന്ന രണ്ട് സെമിനാര്‍ ഹാളുകള്‍, ഒരു തുറന്ന ഓഡിറ്റോറിയം, അഞ്ച് ക്വാര്‍ട്ടേഴ്‌സുകള്‍, 120 പേര്‍ക്ക് ഇരിക്കാവുന്ന ഹോട്ടല്‍, വിവിധോദ്ദേശ സ്‌റ്റേഡിയം എന്നിവയാണുള്ളത്.
2001 ല്‍ 10 സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. മുകള്‍നിലയില്‍ അക്കാദമി ഗസ്റ്റ് റൂമാണ്. താഴെ ഹോട്ടലിനോട് ചേര്‍ന്നാണ് സംസ്ഥാന സഹകരണബാങ്ക് ശാഖ പ്രവര്‍ത്തിക്കുന്നത്. ഒന്നര ഏക്കറില്‍ താഴെ ഭൂമി മാത്രമേ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ടുള്ളൂ. സീനിയര്‍ പ്രൊഫസറായ തുളസീമണിക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ സിപിഎം സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരും കുടുംബവും താമസിക്കുന്നു.
രണ്ടു ക്വാര്‍ട്ടേഴ്‌സുകള്‍ വനിതാ ഹോസ്റ്റലിന്റെ അനക്‌സ് ആണെങ്കിലും അവിടെ ആള്‍ത്താമസമില്ല. മറ്റു രണ്ടെണ്ണത്തില്‍ ജീവനക്കാര്‍ താമസിക്കുന്നുണ്ട്. എന്നാല്‍ കോലിയക്കോട് കൃഷ്ണന്‍നായരുടെ ഭാര്യയ്‌ക്ക് രേഖകള്‍ പ്രകാരം 67 വയസുണ്ട്. 65 വയസ് കഴിഞ്ഞാല്‍ അധ്യാപികയാവാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കൃഷ്ണന്‍നായര്‍ക്കും കുടുംബത്തിനും ഇവിടെ നിന്ന് ഒഴിയേണ്ടിവരും.
















