ചേര്‍ത്തല: വയലാര്‍ രക്തസാക്ഷി മണ്ഡപം ആക്രമിച്ചെന്ന സിപിഎം പ്രചരണത്തില്‍ പോലീസ് അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അക്രമികളെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല.
കഴിഞ്ഞ മാസം 23 നാണ് പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കമ്പികള്‍ ഒടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സംഭവം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെയ്‌ക്കാനായിരുന്നു സിപിഎം ശ്രമം. സ്ഥലം സന്ദര്‍ശിച്ച ഇടതു നേതാക്കള്‍ ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവം ആക്രമണമല്ലെന്ന് നേരത്തെ തന്നെ പോലീസ് സൂചന നല്‍കിയിരുന്നു.
ഒരു മാസം മുമ്പ് നടന്ന വാഹനാപകടത്തില്‍ മണ്ഡപത്തിലെ ഭിത്തി പൊട്ടുകയും കവാടത്തിലെ കമ്പി ഒടിയുകയും ചെയ്തിരുന്നു. ഇടിയുടെ ആഘാതത്തില്‍ കവാടത്തില്‍ ഒടിഞ്ഞിരുന്ന മറ്റൊരു കമ്പി സിപിഎം പ്രവര്‍ത്തകര്‍ തന്നെ എടുത്തു മാറ്റിയതായും ആക്ഷേപമുണ്ട്. പരിവാര്‍ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി കുപ്രചരണങ്ങള്‍ നടത്തി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു ഇതിനു പിന്നില്‍.
സിപിഐ, സിപിഎം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധവും നടത്തിയിരുന്നു. റവന്യൂമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമായ രക്തസാക്ഷിമണ്ഡപത്തെ കരുവാക്കി നടത്തിയ വ്യാജപ്രചരണം അണികള്‍ക്കിടയിലും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം പാളിയതോടെ പ്രസ്താവനകള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയ നേതാക്കള്‍ വെട്ടിലായി. സംഭവം അപകടമാണെന്നുള്ള സൂചനകള്‍ പുറത്തുവന്നതോടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാനാകാതെ പോലീസ് കുഴങ്ങുകയാണ്.
വിരലടയാള വിദഗ്ധരുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ സംഭവത്തെ കുറിച്ച് പ്രതികരിക്കാനാകൂ എന്ന് എസ്‌ഐ പ്രതാപചന്ദ്രന്‍ പറഞ്ഞു. ഒരു പ്രസ്ഥാനത്തെയും കുറ്റക്കാരാക്കി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി.കെ. സാബു പറഞ്ഞു.
















