തൃശൂര്‍: കേരളത്തില്‍ ഉത്സവാഘോഷങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ടുവന്ന് കേരളത്തിന്റെ ഉത്സവപാരമ്പര്യം തകര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് കമ്മിറ്റി ഭാരവാഹികള്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെട്ട വിഷയത്തില്‍പ്പോലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കുലറുകള്‍ ഇറക്കി വെടിക്കെട്ടിനും ആന എഴുന്നെള്ളത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നത്. ഇതിനെതിരെ ഈ മാസം പതിനഞ്ചിന് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
















