കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്കും ആരോഗ്യ സേവനം ഉറപ്പാക്കുംവിധം ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നു. ഈ മാസം 18ന് കൊച്ചിയില്‍ ചേരുന്ന കോര്‍പ്പറേഷന്റെ ദേശീയ യോഗം ഇക്കാര്യമുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളെടുക്കും.
ആദ്യമായാണ് സംസ്ഥാനത്ത് ഈ സുപ്രധാന യോഗം.
യോഗത്തില്‍ കോര്‍പ്പറേഷന്റെ നയവും നിലപാടുകളും പുനര്‍ നിശ്ചയിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകും. ചിന്തന്‍ ബൈഠക് എന്നാണ് യോഗത്തിനു പേര്. വകുപ്പു മന്ത്രി ബന്ദാരു ദത്താത്രേയ പങ്കെടുക്കുന്ന യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളോടും മുതിര്‍ന്ന ഓഫീസര്‍മാരോടും പ്രത്യേകം പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പദ്ധതിതന്നെ ഉടച്ചു വാര്‍ക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകും.
തൊഴിലാളികള്‍ക്ക് ചികിത്സാ സംവിധാനം എന്ന പരമ്പരാഗത വഴിയില്‍നിന്ന് മാറി, വിരമിച്ച ജീവനക്കാര്‍ക്കും ആരോഗ്യ സേവനം നല്‍കുന്ന തീരുമാനം ഉണ്ടായേക്കും. ഇഎസ്‌ഐ കോര്‍പ്പറേഷന്റെ പുനഃസ്സംഘടനയാണ് മുഖ്യ വിഷയമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് ചികിത്സാ-സംരക്ഷണ പദ്ധതി ഉറപ്പാക്കുന്ന തരത്തില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പദ്ധതി മാറ്റുകയാണ് ഉദ്ദേശ്യം. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണ്.
കേരളത്തിലെ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ പ്രത്യേകാശുപത്രിയാക്കി ഉയര്‍ത്തണമെന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ അംഗവും ബിഎസംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. യോഗം കേരളത്തില്‍വെച്ചാകാന്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളും സൗകര്യങ്ങളും യോഗത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി രാധാകൃഷ്ണന്‍ പറഞ്ഞു.
















