കൊച്ചി: മഹാകവി അക്കിത്തത്തിന് ലഭിച്ച പത്മശ്രീ ബഹുമതി നിരസിക്കാന്‍ ചിലരുടെ കൊണ്ടുപിടിച്ച ശ്രമം. ചില സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാദ്ധ്യമപ്രവര്‍ത്തകരും ബഹുമതി നിരസിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തുന്നവരിലുണ്ട്. ബഹുമതി ചോദിച്ചു വാങ്ങുന്നതല്ലെന്നും അര്‍ഹതയ്‌ക്ക് കിട്ടുന്ന അംഗീകാരമാണെന്നും അതിന്റെ വലുപ്പം നോക്കിയല്ല മൂല്യം നിശ്ചയിക്കുന്നതെന്നുമാണ് കവിയുടെ മറുപടികള്‍.
പത്മശ്രീ ബഹുമതി കിട്ടിയശേഷം ധാരാളം പേര്‍ കവിയെ കാണാനും അനുമോദിക്കാനും സന്തോഷം പങ്കിടാനുമായി പാലക്കാട് അമിറ്റിക്കരയിലെ ‘ദേവായനം’ വീട്ടിലെത്തുന്നുണ്ട്. അവരോടൊക്കെ കുശലം പറയുന്നതല്ലാതെ അടുത്തെങ്ങും അക്കിത്തം പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ഏതെങ്കിലും മാദ്ധ്യമത്തിന് അഭിമുഖം കൊടുക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളാല്‍ പൊതുപരിപാടികള്‍ ആവുന്നത്ര ഒഴിവാക്കുകയുമാണ്. അക്കിത്തത്തിന് പത്മശ്രീ കൊടുത്തത് അപമാനമായിപ്പോയെന്ന് ആക്ഷേപം ഉയര്‍ത്തിയവരുണ്ട്. അവരോട് പ്രതികരിക്കാനും കവി മിനക്കെട്ടിട്ടില്ല.
‘ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന്’ പറഞ്ഞതായി, കഴിഞ്ഞ ദിവസം ഒരുപത്രത്തില്‍ അക്കിത്തത്തിന്റേതായി വന്ന വാക്യം അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടുള്ളതുമല്ല. ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും വിവാദം ഉണ്ടാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് ഇതെല്ലാമെന്ന് കവിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
















