കൊച്ചി: പുറംകടലില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 11ന് വിദേശ ചരക്ക് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകരുകയും രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. അസം സ്വദേശി മോത്തി ദാസ് (27) നെ കണ്ടെത്താനുള്ള ശ്രമമാണ് വിവിധ സേനകള്‍ അവസാനിപ്പിച്ചത്.
സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടതും കടലിലെ പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസ്സമുണ്ടാക്കിയിരുന്നു. മോത്തിയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് തീരദേശ പോലീസ് പറഞ്ഞു. ഇക്കാര്യം കേസ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും സിഐ ടി.എം. വര്‍ഗീസ് പറഞ്ഞു.
പുറംകടലില്‍ മത്സ്യബന്ധനത്തിനുപോയ പള്ളുരുത്തി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള കാര്‍മല്‍ മാതാ എന്ന ബോട്ടാണ് പനാമ രജിസ്‌ട്രേഷനുള്ള ആംബര്‍ എല്‍ കപ്പല്‍ ഇടിച്ചു തകര്‍ത്തത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 11 പേരെ മറ്റ് ബോട്ടുകാര്‍ രക്ഷപ്പെടുത്തി. അസം സ്വദേശി രാഹുല്‍ കുമാര്‍ ദാസ് (24), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ (തമ്പി ദുരൈ-45) എന്നിവര്‍ മരിച്ചിരുന്നു. എന്നല്‍, മോത്തി ദാസിനെ കണ്ടെത്താനായില്ല. തീരദേശ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
പതിനൊന്നിനായിരുന്നു അപകടം.
















