ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് വീഴ്‌ത്തുന്ന ബൗളര്‍ എന്ന ബഹുമതി ഇനി ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ നാലാം ദിവസം ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ അഹമ്മദിനെ പുറത്താക്കിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 45-ാം ടെസ്റ്റിലാണ് അശ്വിന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. നിലവില്‍ 252 വിക്കറ്റുകളാണ് അശ്വിനുള്ളത്.
ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് നേട്ടത്തില്‍ അശ്വിന്‍ മറികടന്നത്. ലില്ലി 48 ടെസ്റ്റുകളില്‍ നിന്നായിരുന്നു 250 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 1981 ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു ലില്ലിയുടെ നേട്ടം. 36 വര്‍ഷത്തിനുശേഷം മറ്റൊരു ഫെബ്രുവരിയില്‍ അശ്വിന്‍ ഈ നേട്ടം മറികടന്നു. 49 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനാണ് മൂന്നാം സ്ഥാനത്ത്.
ടെസ്റ്റില്‍ 250 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. 55 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നിലുണ്ടായിരുന്നത്. ബിഷന്‍ സിങ് ബേദി (60), ഹര്‍ഭജന്‍ സിങ് (61), കപില്‍ ദേവ് (65), സഹീര്‍ ഖാന്‍ (73) എന്നിവരാണ് 250 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.
കഴിഞ്ഞവര്‍ഷം 12 ടെസ്റ്റുകളില്‍നിന്ന് 72 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ, വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെേക്കാര്‍ഡും അശ്വിന്‍ സ്വന്തംപേരിലെഴുതി. 37 ടെസ്റ്റുകളില്‍നിന്ന് നാഴികക്കല്ല് പിന്നിട്ട അശ്വിന്‍ വഖാര്‍ യൂനിസിനെയും ഡെന്നിസ് ലില്ലിയെയുമാണ് മറികടന്നത്. 36 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് നേടിയ ഓസീസ് സ്പിന്നര്‍ ക്ലാരി ഗ്രിമ്മറ്റിന്റെ പേരിലാണ് റെക്കോര്‍ഡ്.
















