പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടം. ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിയും സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണയും തമ്മിലാണ് ഈ സൂപ്പര്‍ പോരാട്ടം. രാത്രി 1.15ന് പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡി ഫ്രാന്‍സിലാണ് കളി.
എം-എസ്-എന്‍ ത്രയത്തിന്റെ കരുത്തിലാണ് ബാഴ്‌സ എതിരാളികളെ അവരുടെ മടയില്‍ ചെന്ന് നേരിടാനൊരുങ്ങുന്നത്. സമീപകാലത്ത് ഉജ്ജ്വല പ്രകടനം നടത്തുന്ന മെസ്സി-സുവാരസ്-നെയ്‌മര്‍ സഖ്യത്തെ പിടിച്ചുകെട്ടുക എന്നതാണ് പിഎസ്ജി പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയാണ് പിഎസ്ജിയുടെ കുന്തമുന. ഏയ്ഞ്ചല്‍ ഡി മരിയ, ലൂക്കാസ് മൗറ തുടങ്ങിയ താരങ്ങളും പിഎസ്ജിക്കുണ്ട്.
എവേ മത്സരമായതിനാല്‍ പിഎസ്ജിയെ കീഴടക്കാന്‍ ബാഴ്‌സക്ക് അല്പം ബുദ്ധിമുട്ടേണ്ടിവരും. ഇരുടീമുകളും ഇതിന് മുമ്പ് ഒന്‍പത് തവണ എറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ നാലെണ്ണത്തില്‍ ബാഴ്‌സലോണ വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പിഎസ്ജി ജയിച്ചു. മൂന്നെണ്ണം സമനിലയില്‍. 2013, 2015 വര്‍ഷങ്ങളില്‍ ഇരുടീമുകളും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സക്കായിരുന്നു ജയം. 2013-ല്‍ എവേ ഗോളിന്റെ കരുത്തിലും 2015-ല്‍ ഇരുപാദങ്ങളിലുമായി 5-1ന്റെയും.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്ക സ്വന്തം മൈതാനത്ത് ജര്‍മ്മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ േനരിടും.
















