തിരുവനന്തപുരം: ലോ അക്കാദമി ഡയറക്ടര്‍ ഡോ.എന്‍. നാരായണന്‍ നായരുടെ മരുമകളെ ആക്രമിച്ചെന്ന കേസില്‍ ക്ഷേത്ര പൂജാരി ജയിലില്‍. ഇടുക്കി അടിമാലി വെള്ളത്തൂവല്‍ കൊല്ലപ്പില്ലില്‍ വീട്ടില്‍ വൈശാഖ് (30) ആണ് ജയിലിലായത്. നാരായണന്‍നായരുടെ മകനും വനം വകുപ്പ് പബ്ലിക് പ്രോസിക്യൂട്ടറുമായ നാഗരാജ് നാരായണന്റെ ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ നിന്നു പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ബലമായി കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഡിസംബര്‍ 25ന് മൂന്നിനാണ് സംഭവം. നാഗരാജനും ഭാര്യയും ആശുപത്രിയിലേക്ക് പോകവെ എറണാകുളം ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ പൂജാരിയായ വൈശാഖ് കാറിലെത്തി യുവതിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തശേഷം യുവതിയെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. ചേരാനല്ലൂര്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് യുവാവ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
യുവതി ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ക്ഷേത്രപൂജാരിയുമായി പരിചയപ്പെടുകയും ഇവര്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവത്രേ. ഈ അടുപ്പം വച്ച് യുവാ വ് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും 10 ലക്ഷംരൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ താനും യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് യുവാവിന്റെ വാദം. നാഗരാജ് നാരായണന്‍ സ്വാധീനമുപയോഗിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ വാദം.
















