തൃശൂര്‍: ബിജെപി പ്രവര്‍ത്തകനും പട്ടികജാതിക്കാരനുമായ വിദ്യാര്‍ത്ഥിയെ സിപിഎമ്മുകാര്‍ കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരു യുവാവ് അതീവ ഗുരുതരാവസ്ഥയില്‍. തൃശൂര്‍ മുക്കാട്ടുകര പാറോടന് വീട്ടില്‍ പരേതനായ ബാലചന്ദ്രന്റെ മകന് നിര്‍മല്‍ (20) ആണ് കൊല്ലപ്പെട്ടത്.
കോപ്പറേറ്റീവ് കോളേജില്‍ ബിഎ വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കോക്കുളങ്ങര അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് നിര്‍മ്മലിനെയും സുഹൃത്തും ബിജെപി പ്രവര്‍ത്തകനുമായ ചിറയന്‍കണ്ടത്ത് തോമസ് എന്ന മിഥുനെയും ആക്രമിച്ചത്. നെഞ്ചിനും പുറത്തും കുത്തേറ്റ നിര്‍മ്മല്‍ തല്‍ക്ഷണം മരിച്ചു. സുജാതയാണ് നിര്‍മ്മലിന്റെ അമ്മ. സഹോദരങ്ങള്‍ നിധിന്, നിഖില്‍.
തോമസ് അതീവഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി. സിപിഎം ഒല്ലൂക്കര ഡിവിഷന് കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. സതീഷ് ചന്ദ്രന് നിര്‍മ്മലിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പറയുന്നു.
ആയിരക്കണക്കിന് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്ത വിലാപയാത്രയായി മൃതദേഹം തൃശൂര്‍ നഗരത്തില്‍ നിന്ന് മുക്കാട്ടുകരയിലെ വസതിയിലെത്തിച്ചു.
ആര്‍എസ്എസ് സംസ്ഥാന സേവാപ്രമുഖ് എ.വിനോദ്, വിഭാഗ് കാര്യവാഹ് കെ.ആര്. സന്തോഷ്, മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരന്, വൈസ് പ്രസിഡന്റ് എം.എസ്. സംപൂര്‍ണ, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബിഎംഎസ് മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷനും ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യനുമായ അഡ്വ.സി.കെ. സജി നാരായണന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പ്രകാശ് ബാബു തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഉച്ചക്ക് രണ്ടു മണിയോടെ മുക്കാട്ടുകരയിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാട്ടുകാരും സഹപ്രവര്‍ത്തകരുമായ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിര്‍മ്മലിന്റെ അമ്മയുടേയും സഹോദരങ്ങളുടേയും വിലാപം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. വീട്ടുവളപ്പിലെ ചിത സഹോദരനാണ് കൊളുത്തിയത്. പത്തു മാസത്തിനിടയില്‍ തൃശൂര്‍ ജില്ലയില്‍ സിപിഎം കൊലക്കത്തിക്ക് ഇരയാകുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് നിര്‍മ്മല്‍. നേരത്തെ പുതുക്കാട്ട് അഭിലാഷും, എടവിലങ്ങില്‍ പ്രമോദും സിപിഎം ആക്രമണത്തിനിരയായിരുന്നു.
സിപിഎം കൗണ്‍സിലര്‍ ഏഴാം പ്രതി
തൃശൂര്‍: നെല്ലങ്കര മുക്കാട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് നിര്‍മ്മല്‍ കൊല്ലപ്പെട്ട കേസില്‍ കോര്പ്പറേഷന് സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. ഒല്ലൂക്കര ഡിവിഷന് കൗണ്‍സിലര്‍ കെ.പി. സതീഷ് ചന്ദ്രന് ഏഴാം പ്രതിയാണ്. സിദ്ധു, സച്ചിന്, അരുണ്‍, സന്ദീപ്, യേശുദാസന്, ഷിബു എന്നിവരും, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരെയും പ്രതി ചേര്‍ത്താണ് കൊലപാതകത്തിന് കേസെടുത്തത്.
















