തിരുവല്ല: കണ്ണൂര്‍ വിമാനത്താവളത്തിന് കേരളവര്‍മ പഴശിരാജയുടെ പേര് നല്‍കണമെന്നും ദേശീയ ചരിത്ര പാഠ്യപദ്ധതിയില്‍ പഴശി ചരിത്രം ഉള്‍പ്പെടുത്തണമെന്നും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
ക്ഷത്രിയ ക്ഷേമസഭയുടെ നേതൃത്വത്തില്‍ പഴശിരാജാ അനുസ്മരണ പുരസ്‌കാര ദാന ചടങ്ങിലാണ് പ്രമേയം അംഗീകരിച്ചത്. രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് മഹദ് വ്യക്തികളുടെ പേരിടാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഴശിരാജയുടെ യഥാര്‍ഥ പാരമ്പര്യം പുതിയതലമുറയ്‌ക്കു മനസിലാക്കാന്‍ പഴശിയുടെ ചരിത്രം ദേശീയ ചരിത്ര പാഠ്യപദ്ധതിയില്‍ ചേര്‍ക്കണമെന്ന പ്രമേയവും അംഗീകരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ പഴശി സ്മൃതി മണ്ഡപത്തിലേക്ക് ഒറ്റത്തടിയില്‍ പഴശിരാജയുടെ പ്രതിമ തീര്‍ത്ത ശില്പി പ്രശാന്ത് ചെറുതാഴത്തിനു പുരസ്‌കാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. എന്‍. സുരേന്ദ്രനാഥ വര്‍മ്മ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന്‍, ട്രഷറര്‍ പി.ജി.ശശികുമാര്‍ വര്‍മ്മ, എം. രവിവര്‍മ്മ രാജ, പി.ആര്‍.വര്‍മ്മ, ശില്പി പ്രശാന്ത് ചെറുതാഴം, ടി. അരവിന്ദ വര്‍മ്മ, ടി.കെ. ലീലാഭായി തമ്പുരാട്ടി, ടി.എം. ശ്രീകുമാര്‍, വി.സി.കൃഷ്ണവര്‍മ്മ രാജ, പി.വി.രവിവര്‍മ്മ, ആര്‍. രാമവര്‍മ്മ, ആര്‍. രവിവര്‍മ്മ മാനസരോവര്‍, വി.എം. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















