ചെന്നൈ: തനിക്ക് മുഖ്യമന്ത്രിയാകാന്‍ ഒരാഗ്രഹവും ഇല്ലായിരുന്നുവെന്നാണ് ശശികല തിങ്കളാഴ്ച വൈകിട്ടും പറഞ്ഞത്. പക്ഷെ അവര്‍ കഴിഞ്ഞ കുറച്ചു ദിവസമായി കളിച്ചതെല്ലാം മുഖ്യമന്ത്രിയാകാന്‍ വേണ്ടി.
അതിനു വേണ്ടിയാണ് ബലമായി എംഎല്‍എമാരെയെല്ലാം പണം നല്‍കി ചാക്കിലാക്കിയും ഭീഷണിപ്പെടുത്തിയും കൂവത്തൂരിലെ ആഡംബര റിസോര്‍ട്ടില്‍ പാര്‍പ്പിച്ചത്. പണവും ആഹാരവും അടക്കം വേണ്ടതെല്ലാം നല്‍കി അവരെ റിസോര്‍ട്ടില്‍ പിടിച്ചു നിര്‍ത്തി. മദ്യപിച്ചുള്ള ആട്ടവും പാട്ടുമാണ് അവിടെ നടന്നിരുന്നതെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. എല്ലാം പാഴായി. ഇനി ഒരു എംഎല്‍എയുടെ പിന്തുണ പോലും അവര്‍ക്കു വേണ്ട, കാരണം മുഖ്യമന്ത്രിക്കസേരയിലേക്കല്ല, ജയിലിലേക്കാണ് അവര്‍ പോകുന്നത്.
നൂറിലേറെ എംഎല്‍എമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവരടക്കം ഇരുനൂറിലേറെപ്പേരാണ് ആറു രാപ്പകലായി റിസോര്‍ട്ടില്‍ കഴിഞ്ഞത്. മൂന്നു തരത്തിലുള്ള അറുപതിലേറെ മുറികളാണ് ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ടിലുളളത്. ചിലവയ്‌ക്ക് ദിവസം 5500 രൂപ വാടക. കടലിനെ അഭിമുഖീകരിക്കുന്നവയ്‌ക്ക് 6600 രൂപ. പാരഡൈസ് സ്യൂട്ടുകള്‍ക്ക് ദിവസവാടക 9,900 രൂപ. മൊത്തം മുറികളും ഒറ്റയടിക്കാണ് ബുക്ക് ചെയ്തത്. മുറിയൊന്നിന് 7000 രൂപക്ക്.
അങ്ങനെ ആറു ദിവസത്തെ മുറിവാടക 25 ലക്ഷം. ഭക്ഷണം, വെള്ളം, ലഘുഭക്ഷണം, കോളയടക്കമുള്ള ശീതളപാനീയങ്ങള്‍, പഴങ്ങള്‍, മദ്യങ്ങള്‍ തുടങ്ങിയവയുടെ വില വേറെ. പിന്നെ കലാപരിപാടികള്‍. അവയ്‌ക്ക് ചെലവ് വേറെ. എല്ലാവര്‍ക്കും പുതുവസ്ത്രങ്ങളും നല്‍കി. അങ്ങനെ കുറഞ്ഞത് പത്തു കോടിയെങ്കിലും ശശികല ഒഴുക്കിക്കാണുമെന്നാണ് ഏകദേശ കണക്ക്. ഒടുവില്‍ സുപ്രീംകോടതി വിധി വന്നതോടെ എല്ലാം വൃഥാവിലായി.
ജയയുടെ സ്വത്ത് കണ്ടുകെട്ടും
ചെന്നൈ: അനധികൃത സ്വത്തു കേസില്‍ മുഖ്യപ്രതിയായിരുന്ന ജയലളിത മരണമടഞ്ഞതോടെ അവരുടെ സ്വത്ത് വീണ്ടും ചര്‍ച്ചയായി. ഭൂസ്വത്ത്, സ്വര്‍ണ്ണം, കെട്ടിടങ്ങള്‍, വജ്രങ്ങള്‍ എന്നിവ കോടതി നേരത്തെ പിടിച്ചെടുത്തിരുന്നു. ജയ മരിച്ചെങ്കിലും മുന്‍പ് കോടതിയിട്ട നൂറു കോടി രൂപ പിഴ അവരുടെ സ്വത്തില്‍ നിന്നാകും ബംഗളൂരുവിലെ വിചാരണക്കോടതി പിടിച്ചെടുക്കുക.
അവരുടെ സ്വത്തില്‍ നിന്ന് പിഴത്തുക പിടിച്ചെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
















