തിരുവനന്തപുരം: സംസ്ഥാനത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനിയുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയും വകുപ്പും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ചെന്നിത്തല വ്യക്താക്കി.
സംസ്ഥാനത്തു പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ക്കു പനി ബാധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തു. പല സ്ഥലങ്ങളിലും ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. പലയിടത്തും മരുന്നില്ല, ഡോക്ടര്‍മാരില്ല. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വം ഇല്ലാത്തതാണ്.
മുന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമായിരുന്നു. അത്തരം ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ പിരിച്ചുവിട്ടു.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിയിരുന്നില്ല. ഇക്കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി നേരിട്ട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിക്കും.
















