ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ബെംഗളൂരു എഫ്‌സിയുടെ കഷ്ടകാലം തുടരുന്നു. ഐസ്വാള്‍ എഫ്‌സിയോട് സമനിലയില്‍ കുരുങ്ങി ബെംഗളൂരു (1-1). കൊല്‍ക്കത്തയില്‍ ഈസ്റ്റ്ബംഗാളിനെ ഷില്ലോങ് ലജോങ്ങാണ് തളച്ചത് (1-1).
തട്ടകത്തില്‍ 40ാം മിനിറ്റില്‍ ബ്രണ്ടന്‍ വനലാല്‍റെംദികയിലൂടെ മുന്നിലെത്തിയ ഐസ്വാളിനെ അഞ്ചു മിനിറ്റിനു ശേഷം സുനില്‍ ഛേത്രി നേടിയ ഗോളിലാണ് ബെംഗളൂരു തളച്ചത്. എട്ടു കളിയില്‍ 12 പോയിന്റുമായി നാലാമതാണ് ബെംഗളൂരു. ഒമ്പത് കളിയില്‍ 17 പോയിന്റുള്ള ഐസ്വാള്‍ രണ്ടാമത്.
ലീഗില്‍ മുന്നിലുള്ള ഈസ്റ്റ്ബംഗാളിന് സ്വന്തം കാണികള്‍ക്കു മുന്നില്‍ സമനില. 20ാം മിനിറ്റില്‍ സാമുവല്‍ ലാല്‍മൗപുയിയിലൂടെ മുന്നിലെത്തിയ ഷില്ലോങ്ങിനെ 45ാം മിനിറ്റില്‍ വില്ലിസ് പ്ലാസ നേടിയ ഗോളില്‍ കൊല്‍ക്കത്തക്കാര്‍ പിടിച്ചുനിര്‍ത്തി. മറ്റൊരു കളിയില്‍ മിനര്‍വ പഞ്ചാബും ശിവജ്യന്‍സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
















