അവന്തിപുര: തന്റെ മരണം പ്രവചിച്ച പോലീസ് ഓഫീസറുടെ ഫേസ്ബുക്‌പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ലഷ്‌കര്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു- കശ്മീര്‍ പോലീസ് ഓഫീസറായ ഫിറോസ് അഹമ്മദ് ദറിന്റെ മരണത്തെക്കുറിച്ചുളള ഫേസ്ബുക്‌പോസ്റ്റ് തുടങ്ങുന്നതിങ്ങനെ, ”വെറുതെ സങ്കല്‍പ്പിച്ചു നോക്കൂ, നിങ്ങള്‍ നിങ്ങളുടെ തന്നെ ശവക്കല്ലറയിലായിരിക്കുന്നതിനെക്കുറിച്ച്. അന്ധകാരം നിറഞ്ഞ അവിടെ നിങ്ങളൊറ്റയ്‌ക്കായിരിക്കും”. 2013 ജനുവരി 18-നായിരുന്നു ഫിറോസ് തന്റെ ഫേസ്ബുക്കില്‍ പേജില്‍ ഇങ്ങനെ കുറിച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഫിറോസിന്റെ അന്ത്യയാത്രയ്‌ക്കൊരുങ്ങിയപ്പോള്‍ ശാപവചനം പോലെ അന്നു കുറിച്ച വാക്കുകള്‍ പ്രകമ്പനം കൊണ്ടു. ”ഒരു നിമിഷം നില്‍ക്കൂ. ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ ശവക്കല്ലറയിലെ എന്റെ ആദ്യ രാത്രി എങ്ങനെയായിരിക്കുമെന്ന്? നിങ്ങളുടെ ശരീരം വൃത്തിയാക്കുകയും അന്ത്യയാത്രയ്‌ക്കായി ഒരുങ്ങുകയും ചെയ്യുന്നതിനെക്കുറിച്ചാലോചിക്കൂ… ശവമഞ്ചത്തില്‍ നിങ്ങളെ എടുത്തു കൊണ്ടു പോകുന്നതും ഉറ്റവരും ഉടയവരും നിങ്ങള്‍ക്കു ചുറ്റുമിരുന്നു കരയുന്നതിനെക്കുറിച്ചും ചിന്തിക്കൂ. ശവക്കല്ലറയിലേക്കു നിങ്ങളെയെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കൂ.” ഫിറോസിന്റെ അറം പറ്റിയ വാക്കുകള്‍.
32കാരനായ ഫിറോസിന് സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ജന്മനാടായ പുല്‍വാമ ജില്ലയിലെ ദോഗ്രിപുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ ‘ദബാങ്’ എന്നായിരുന്നു ആ ഫിറോസിന്റെ ചെല്ലപ്പേര്. ‘ഒറ്റയാള്‍പ്പട്ടാള’മെന്നും അവര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നു. നാട് മുഴുവനും ഫിറോസിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഭാര്യ മുബീന അക്തറും മക്കളായ ആറു വയസ്സുകാരി അദായും രണ്ടു വയസ്സുകാരി സിമ്രാനും അടങ്ങുന്നതാണ് കുടുംബം.
















