കൊച്ചി: മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ അന്തര്‍ ജില്ലാ സ്ഥലമാറ്റത്തിന് സ്പെഷ്യല്‍ റൂള്‍ ഭേദഗതിയിലൂടെ അഴിമതിക്ക് കളമൊരുങ്ങി. വകുപ്പ് മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കോടികള്‍ കൈക്കൂലി വാങ്ങാന്‍ തന്ത്രമൊരുക്കുന്നത്.
വന്‍ തുക കൈക്കൂലി നല്‍കാന്‍ തയ്യാറായുള്ള 200 പേര്‍ക്ക് വേണ്ടി 2500 ജീവനക്കാരെയാണ് തലങ്ങും വിലങ്ങും മാറ്റാന്‍ കരുനീക്കം. നിലവില്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികകള്‍ 2789 ആണ്. ഇതില്‍ 200 ഓളം പേര്‍ക്കേ അന്തര്‍ജില്ലാ സ്ഥലമാറ്റം ആവശ്യമായവരികയുള്ളൂ. എന്നാല്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങാന്‍ വേണ്ടിയാണ് ഇത്രയധികം പേരെ സ്ഥലം മാറ്റാന്‍ നീക്കം നടത്തുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ ഗ്രേഡ് 2 ആയാലും ഗ്രേഡ് 1 ആയാലും പ്രമോഷന്‍ തസ്തികയായ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ (എ എഫ് ഒ) ആയാലും ജോലിയുടെ സ്വഭാവം മാറുന്നില്ല. അതിനാല്‍ ഫീല്‍ഡ് ഓഫീസര്‍ ആകുന്നത് വരെ ജില്ലയില്‍ തുടരാം.
ആ സംവിധാനത്തെയാണ് വളച്ചൊടിച്ച് അഴിമതി നടത്താന്‍ കളമൊരുക്കുന്നത്. മൃഗസംരക്ഷണ വകപ്പില്‍ പിഎസ്‌സി വഴി ജോലിക്ക് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നത് ജില്ലകളിലെ ഒഴിവ് അനുസരിച്ച് ബാച്ചുകളായാണ്. എന്നാല്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ ദേഭഗതി ചെയ്ത് ജില്ലകളില്‍ ഉള്ള സീനിയോറിറ്റി എ.എഫ്.ഒ, ഗ്രേഡ് 1, ഗ്രേഡ് 2 എന്നിങ്ങനെ കണക്കാക്കി പൊതു സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടുത്തി വ്യാപകമായി സ്ഥലം മാറ്റി അഴിമതി നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ഈ നടപടി മൂലം ജൂനിയറായവര്‍ മറ്റു ജില്ലകളിലേക്ക് പോകുകയും മറ്റ് ജില്ലകളിലുള്ള സീനിയറായിട്ടുള്ള ജീവനക്കാര്‍ അവരുടെ ജില്ലകളില്‍ എത്തുകയും ചെയ്യും. അപ്പോള്‍ ബാച്ചായി പിഎസ്‌സി വഴി ജോലിക്ക് കയറിക്കൊണ്ടിരുന്ന സംവിധാനം നിലയ്‌ക്കും. തെക്കന്‍ ജില്ലകളില്‍ പിഎസ്‌സി നിയമനം നടക്കാതെ വരും. തെക്കന്‍ ജില്ലക്കാരില്‍ പലരും ജില്ലാ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വടക്കന്‍ ജില്ലകളിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഇവര്‍ കൂട്ടത്തോടെ തിരിച്ചു വരുന്നതോടെ സ്വാഭാവികമായി വടക്കന്‍ ജില്ലകളില്‍ മാത്രം ഒഴിവുകള്‍ വരും.
ഇപ്പോള്‍ വടക്കന്‍ ജില്ലകളില്‍ ജോലി ചെയ്യുന്ന തെക്കന്‍ ജില്ലക്കാരായ 200 ഓളം ജീവനക്കാര്‍ക്ക് സ്‌െപഷ്യല്‍ ഡ്യൂട്ടി എന്ന ഓമനപ്പേരില്‍ 6 മാസത്തേക്ക് 50,000 രൂപ വച്ച് നല്‍കിയാണ് തെക്കന്‍ ജില്ലകളിലേക്ക് സ്പെഷ്യല്‍ ഡ്യൂട്ടി തരപ്പെടുത്തുന്നത്. ഒരു കോടി രൂപയുടെ അഴിമതിയാണ് ഓരോ ആറു മാസം കൂടുമ്പോഴും ഈ രീതിയില്‍ നടക്കുന്നത്. ജനറല്‍ ട്രാന്‍സ്ഫര്‍ എന്ന സംവിധാനത്തിലൂടെ 200 പേര്‍ക്ക് കുറഞ്ഞത് രണ്ട് കോടി രൂപയുടെ അഴിമതി നടത്താം എന്ന് ഇക്കൂട്ടരുടെ തിരിച്ചറിവില്‍ നിന്നാണ് സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെയും അഴിമതി അവസാനിക്കുന്നില്ല. 200 പേര്‍ തെക്കന്‍ ജില്ലകളിലേക്ക് വരുമ്പോള്‍ 200 പേര്‍ വടക്കന്‍ ജില്ലകളിലേക്ക് പോകേണ്ടി വരും. അപ്പോള്‍ അവര്‍ തിരിച്ച് വിലപേശി ഇതില്‍ കൂടുതല്‍ തുകയ്‌ക്ക് തിരിച്ചുവരാന്‍ ശ്രമിക്കും. ഇത് മനസിലാക്കിയാണ് മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാനും സ്ഥലംമാറ്റത്തിന്റെ മറവില്‍ വന്‍ അഴിമതിക്ക് കളമൊരുക്കുന്നതും.
മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടര്‍മാരില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുന്നുണ്ട്. 25 ലക്ഷം രൂപ മുതല്‍ മുകളിലേക്കുള്ള തുക നല്‍കിയാണ് പലരും ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും സ്ഥലംമാറ്റത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നിരുന്നു.
















