തിരുവനന്തപുരം: ഡിജിപി എന്‍. ശങ്കര്‍ റെഡ്ഢിയുടെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധമെന്ന് വിജിലന്‍സ് ദ്രുത പരിശോധന റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടറായുള്ള ശങ്കര്‍ റെഡ്ഢിയുടെ നിയമനം ന്യായീകരിക്കാനാകില്ലെന്നും എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും പറയുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ശങ്കര്‍റെഡ്ഢിക്ക് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിലും വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തലുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ ഐപിഎസ് കേഡര്‍ നിയമത്തിന്റെ ലംഘനം നടന്നു. എഡിജിപി ആയിരുന്ന ശങ്കര്‍റെഡ്ഢിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ന്യായീകരിക്കാനാവില്ല. എന്നാല്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റവും നിയമനവും ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.
ചീഫ് സെക്രട്ടറിയായിരുന്ന ജിജിതോംസണ്‍ സ്ഥാനക്കയറ്റത്തെ എതിര്‍ത്തിരുന്നതിനാല്‍ കുറ്റക്കാരനെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് അന്വേഷണവിവരങ്ങള്‍ ചോര്‍ന്നതിനെതിരെ സര്‍ക്കാറിനും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് ശങ്കര്‍റെഡ്ഢി പറഞ്ഞു. വഴിവിട്ട് നിയമനം നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
















