കൊച്ചി : ന്യൂസിലാന്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2018-ല്‍ പഠനത്തിന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്, ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്ന കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മാര്‍ച്ച് 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ, വാണിജ്യ, കായിക, വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് സുദീര്‍ഘമായ പാരമ്പര്യമാണുള്ളതെന്ന് ഇന്ത്യയിലെ ന്യൂസിലാന്‍ഡ് ആക്ടിംഗ് ഹൈ കമ്മീഷന്‍ സൂസന്ന ജോസഫ് പറഞ്ഞു.
സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ന്യൂസിലാന്‍ഡിന്റെ ലോകോത്തര വിദ്യാഭ്യാസമാണ് ലഭിക്കുകയെന്ന് എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ് റീജണല്‍ ഡയറക്ടര്‍ ജോണ്‍ ലാക്‌സണ്‍ പറഞ്ഞു. ന്യൂസിലാന്‍ഡിലെ എട്ട് സര്‍വകലാശാലകളിലെ മാസ്റ്റേഴ്‌സ് ഡിഗ്രി (1-2 കൊല്ലം) പിഎച്ച്ഡി (3-4 കൊല്ലം) പ്രോഗ്രാമിനാണ് സ്‌കോളര്‍ഷിപ്പു ലഭിക്കുക.
റിന്യൂവബിള്‍ എനര്‍ജി, കാര്‍ഷിക വികസനം, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ്, വിദ്യാഭ്യാസം, പബ്ലിക്-പ്രൈവറ്റ് സെക്ടര്‍ മാനേജ്‌മെന്റ് എന്നിവയാണ് സ്‌കോളര്‍ഷിപ്പിനുള്ള വിഷയങ്ങള്‍ ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക, രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക് ഉതുകുന്നവ കൂടിയാവണം പഠനങ്ങള്‍.
മുഴുവന്‍ ട്യൂഷന്‍ ഫീസ്, രണ്ടാഴ്ചത്തെ അലവന്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് അലവന്‍സ്, മെഡിക്കല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് യാത്രാചെലവുകള്‍ എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. അപേക്ഷാഫോറം www.mfat.govt.nz/scholarships ലഭിക്കും.
















