കൊയ്‌ത്തിനൊരുങ്ങിയ റാണി കായല്‍ നിലം
ആലപ്പുഴ: കാല്‍ നൂറ്റാണ്ടിന് ശേഷം കൃഷിയിറക്കിയ കുട്ടനാട് റാണി കായലിലെ കൊയ്‌ത്ത് അടുത്തയാഴ്ച ആരംഭിക്കും. 525 ഏക്കറിലാണ് കൃഷിയിറക്കിയത്. കൃഷി ചെയ്യുന്ന യഥാര്‍ത്ഥ വിസ്തൃതി അത്യാധുനിക സാങ്കേതിക വിദ്യയായ ഡ്രോണ്‍സ് (യുഎവി) ഉപയോഗിച്ച് കണ്ടെത്തുന്നതിനുള്ള നടപടികളിലാണ് കൃഷിവകുപ്പ് ഇപ്പോള്‍.
210 ഹെക്ടര്‍ വരുന്ന റാണിയില്‍ 1992 ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈല്‍ ആന്‍ഡ് സ്‌ളാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി-ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു.
90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ല്‍ ചിത്തിരയില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ 2015ല്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. മന്ത്രി വി.എസ്. സുനില്‍കുമാറാണ് വിത ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പതിറ്റാണ്ടുകള്‍ക്കുശേഷം ചിത്തിരക്കായലില്‍ കൃഷിയിറക്കിയെങ്കിലും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.
















