ന്യൂദൽഹി: ആഹാരത്തിന് എരിവ് കൂടി എന്ന കുറ്റത്തിന് ഭർത്താവ് ആദ്യ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി. ദൽഹിയിലെ മധുവിഹാർ പ്രദേശത്താണ് അതിദാരൂണമായ കൊലപാതകം അരങ്ങേറിയത്. നാൽപതുകാരനായ പ്ലമ്പിങ് തൊഴിലാളി സുബോധാണ് ആദ്യ ഭാര്യ മനീഷയെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. മനീഷ അറിയാതെ സുബോധ് മുനിയ എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതിൽ മനീഷയ്‌ക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഇതിനിടയിൽ ഇവർ തമ്മിൽ പിണങ്ങുകയും മനീഷ ശനിയാഴ്ച രാത്രി തന്റെ വീട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൽ സുബോധിന്റെ കടുത്ത നിർദ്ദേശത്തെ തുടർന്ന് മനീഷയ്‌ക്ക് തിരിച്ച് വരേണ്ടതായി വന്നു.
ഞായറാഴ്ച വീട്ടിലെത്തിയ മനീഷയോട് സുബോധ് ആഹാരം പാകം ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ഉണ്ടാക്കിയ ആഹാരത്തിന് എരിവ് കൂടുതലാണെന്ന് ആരോപിച്ച് സുബോധ് മനീഷയോട് വഴക്കിട്ടു. തുടർന്ന് സുബോധ് വാൾ ഉപയോഗിച്ച് മനീഷയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മനീഷയുടെ ശരീരത്തെ കഷണങ്ങളാക്കിയാണ് ഇയാൾ കൊലപാതകം നടത്തിയത്. മനീഷയുടെ അറുത്ത് മാറ്റിയ തല ഇയാൾ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുകയും ചെയ്തു.
നേരത്തെ തന്നെ മനീഷയെ കൊലപ്പെടുത്തണമെന്ന ചിന്ത സുബോധിന് ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മനീഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
















