ന്യൂദല്‍ഹി: ഇന്ത്യയുടെ സ്പേസ് റിസര്‍ച്ച് സെന്റര്‍ ഐഎസ്‌ആര്‍ഒയ്‌ക്ക് ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാൻ കഴിയുമെന്ന് മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. കഴിഞ്ഞ ദിവസം ബഹിരാകാശ മേഖലയില്‍ ഐഎസ്‌ആര്‍ഒ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് പുതിയ സാങ്കേതിക വിദ്യയല്ല. ഞങ്ങള്‍ 10 കൃത്രിമോപഗ്രഹങ്ങള്‍ വെച്ചാണ് തുടങ്ങിയത്. പിന്നെയത് പതിനെട്ടായി, പിന്നെ 35, ഇപ്പോഴിതാ നൂറിലധികവും. മൂന്നോ നാലോ കിലോയുള്ള കൃത്രിമോപഗ്രഹങ്ങളാണെങ്കില്‍ 400 എണ്ണം വരെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കാമെന്നും മാധവന്‍ നായര്‍ പറഞ്ഞു.
നൂറ്റിനാല് എന്ന സംഖ്യ ഒരു പുതിയ സാങ്കേതിക വിദ്യയേയല്ല സൂചിപ്പിക്കുന്നത്. നേരത്തെ ഉപയോഗിച്ച് തെളിയിക്കപ്പെട്ട ഒന്നാണിത്. കാര്‍ട്ടോസാറ്റാണ് ഈ റോക്കറ്റിലെ പ്രധാന യാത്രക്കാരന്‍. ആ കൃത്രിമോപഗ്രഹം നമുക്കേറ്റവും വേണ്ടപ്പെട്ടതാണുതാനും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
104 കൃത്രിമോപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് വിജയതീരമണച്ച ഐഎസ്‌ആര്‍ഒയ്‌ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ്.
















