കണ്ണൂര്‍/കാസര്‍കോട്: ഇസ്ലാമിക ഭീകരസംഘടന ഐഎസിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കേരളത്തിലെ പ്രധാനികളിലൊരാളാണ് ഇന്നലെ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശി മൗനുദ്ദീന്‍. കേരളത്തില്‍ ഐഎസുമായി ബന്ധമുള്ളവര്‍ക്ക് ഇയാള്‍ സാമ്പത്തിക സഹായം ചെയ്തിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
കോഴിക്കോട് മംഗലശ്ശേരി സ്വദേശിയായ സജീര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധിപ്പിക്കുന്നതിലെ പ്രധാനിയും ഇയാളായിരുന്നു. അബുദാബിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകള്‍ മൗനുദ്ദീന്‍ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ കനകമലയില്‍ നിന്ന് പിടിയിലായ ഐഎസ് ബന്ധമുള്ള യുവാക്കളുമായി മൗനുദ്ദീന് അടുപ്പമുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കനകമലയില്‍ നിന്ന അഞ്ച് യുവാക്കളെ എന്‍ഐഎ സംഘം പിടിച്ചത്. ഇതേ ദിവസംതന്നെ കോഴിക്കോട് നിന്ന് മറ്റൊരു യുവാവിനെയും അന്വേഷണസംഘം പിടിച്ചു. ഇപ്പോള്‍ പിടിയിലായ മൗനുദ്ദീന്‍ സംഘത്തിലെ പ്രധാനിയാണെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
ഇവരുടെ നേതൃത്വത്തില്‍ ഐഎസിന്റെ കേരള ഘടകം പ്രവര്‍ത്തിച്ചു വന്നിരുന്നതായും, മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെയാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. അബു അല്‍ ഇന്തോനേഷി (ഇബ്‌നു അബ്ദുല്ല) എന്ന പേരിലാണ് മൗനുദ്ദീന്‍ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ അറിയപ്പെടുന്നത്.
പാനൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നു കൊണ്ടിരിക്കേ 2016 ഒക്‌ടോബര്‍ 2 നാണ് ഐഎസ് ബന്ധമുളള അഞ്ചുപേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
പാനൂര്‍ അണിയാരം മദീന മന്‍സിലില്‍ മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ.ജാസീം, കോയമ്പത്തൂരിലെ അബു ബഷീര്‍, തൃശൂരിലെ സ്വാലിഹ് മുഹമ്മദ് എന്നിവരെയാണ് കനകമലയില്‍ വെച്ച് എന്‍ഐഎ പിടികൂടിയത്. കുറ്റ്യാടിയില്‍ റംഷാദ്, കോയമ്പത്തൂരില്‍ ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍ എന്നിവരെയും അന്നേ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു.
കനകമലയില്‍ അറസ്റ്റിലായ മുഖ്യപ്രതി അണിയാരം മദീന മന്‍സിലില്‍ മന്‍സീദിന്റെ ഭാര്യ ഫിലിപ്പീന്‍സ് സ്വദേശിനി ആന്‍സി എന്ന മറിയത്തിനും ഐഎസ് ബന്ധമുണ്ടെന്ന സൂചനകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ ഐഎസിന്റെ സ്ലീപിംഗ്‌സെല്ലില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് അന്വേഷണ സംഘം അന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ പേര്‍ യോഗത്തില്‍ പങ്കെടുത്തതായും സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് സ്വദേശി മൗനുദ്ദീനെ എന്‍ഐഎ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും.
















