തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ ഉള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബാംഗ്ലൂര്‍ പെര്‍മിറ്റുള്ള വോള്‍വോ ബസുകള്‍ മന:പൂര്‍വം കേടുവരുത്തി കെഎസ്ആര്‍ടിസിക്ക് ഒരു കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
2021വരെ പെര്‍മിറ്റുള്ള എസി വോള്‍വോ ബസുകളില്‍ ഓയില്‍ ചെയിഞ്ചിംഗ് സമയത്ത് സോക്കിംഗ് ഓയില്‍ ഒഴിച്ച് എന്‍ജിന്‍ കേടാക്കി. ഇതിന് ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നുവെന്നാണ് വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവര്‍ വി.വൈ. ശ്രീകുമാറും വിതുര ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജൂഡ് ജോസഫും നല്‍കിയ ഹര്‍ജിയിലെ ആരോപണം. സ്വകാര്യ ബസ് ലോബിയില്‍ നിന്നും പ്രതിമാസം വന്‍തുക കൈപ്പറ്റി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്ന നടപടികള്‍ ഇവര്‍ സ്വീകരിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 2016 നവംബറില്‍ ആണ് ഇരുവരും വിജിലന്‍സ് കോടതിയെ സമീപിച്ചത്.
മുന്‍ എംഡി ആന്റണി ചാക്കോയെ കൂടാതെ തിരുവനന്തപുരം ഡിപ്പോ എന്‍ജിനിയര്‍ എസ്.ഷിബു, തിരുവനന്തപുരം മുന്‍ ഡിടിഒ പി.ബാബുകുമാര്‍, ഡിപ്പോ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉത്തമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) കെ.എം.ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആര്‍. ചന്ദ്രബാബു, വിജിലന്‍സ് ഓഫീസര്‍ ഇ.ജോണ്‍, ചീഫ് അക്കൗണ്ട് ഓഫീസര്‍ ആര്‍. സുധാകരന്‍, വിജിലന്‍സ് ചെക്കര്‍മാരായ ആസ്റ്റിന്‍രാജ്, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
















