കുമളി: കാലവര്‍ഷം കനിയാത്തതിനാല്‍ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം വിലയ്‌ക്ക് വാങ്ങുന്നു. ജൂണ്‍ പാതി കഴിഞ്ഞിട്ടും ഒരു ദിവസം പോലും ഹൈറേഞ്ചില്‍ ശക്തമായ മഴ പെയ്തില്ല .
ഇപ്പോഴും കുടിവെള്ള ഉറവിടങ്ങളില്‍ ഉറവ തെളിഞ്ഞിട്ടില്ല . തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പാമ്പാടുംപാറ ,കരുണാപുരം, ചക്കുപള്ളം കുമളി പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്നത് അടുത്തിടെയെങ്ങും ഇത്രയും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടില്ലെന്നാണ് പൊതുജനാഭിപ്രായം . ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ വരെ ചെലവ് വരുന്നു . ദൂരം കൂടും തോറും വെള്ളത്തിന്റെ വിലയും ഉയരുന്നതായി ഉപഭോക്താക്കള്‍ പറയുന്നു . കടുത്ത വേനലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും കാലവര്‍ഷം എത്തിയതോടെ വിതരണം നിലച്ചു. ജില്ലയില്‍ നേരിയ തോതില്‍ ഓരോ വര്‍ഷവും മഴ കുറഞ്ഞു വരുന്നതായി പഠനം റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കിഡാമിലും ഇതുവരെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
















