തൊടുപുഴ: മണ്‍സൂണ്‍ എത്തിയതോടെ റമ്പൂട്ടാന്‍ പഴവും വിപണിയിലെത്തി. ഒരു കിലോ റമ്പൂട്ടാന് തൊടുപുഴ മാര്‍ക്കറ്റില്‍ 200 രൂപയാണ് ഇപ്പോഴത്തെ വില. നിറത്തിന്റെ അടിസ്ഥാനത്തില്‍ പല ഇനം റമ്പൂട്ടാന്‍ വിപണിയിലെത്താറുണ്ട്. ഇപ്പോള്‍ എത്തിയിരിക്കുന്നത് ചുവപ്പ് നിറത്തിലുള്ള പഴങ്ങളാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഇവിടേയ്‌ക്ക് റമ്പൂട്ടാന്‍ എത്തുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ റമ്പൂട്ടാന്‍ പഴം വിപണിയിലെത്തുന്നതോടെ വില വീണ്ടും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഈ പഴം വിപണിയില്‍ സജ്ജീവമായുള്ളത്. കഴിഞ്ഞ വര്‍ഷം ഒരു കിലോ റമ്പൂട്ടാന് 300 രൂപ വരെ എത്തിയിരുന്നു. ഈ വര്‍ഷം ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായതിനാല്‍ വില കുറയുമെന്നാണ് വ്യാപാരികളുടെ പക്ഷം.
















