അമ്പലപ്പുഴ: അനധികൃത പീലിങ് ഷെഡിന്റെ പ്രവര്‍ത്തനം കരൂര്‍ നിവാസികള്‍ക്ക് ഭീഷണിയാകുന്നു. പ്രദേശത്ത് പടര്‍ന്നു പിടിക്കുന്നത് മാരക രോഗങ്ങള്‍.
ഷെഡില്‍ നിന്നും പുറം തള്ളുന്ന മലിനജലത്തില്‍ ചവിട്ടിയ രണ്ടു പേരുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് നല്‍കാന്‍ തയാറെടുത്ത് നാട്ടുകാര്‍.
പുറക്കാട് നാലാം വാര്‍ഡില്‍ കരൂര്‍ ജങ്ഷന് കിഴക്കുഭാഗത്താണ് സംഭവം. കഴിഞ്ഞ വര്‍ഷം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടുവാന്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ച ഷെഡാണ് നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തനം നടത്തുന്നത്.
ദിവസം ആയിരകണക്കിന് കിലോ ചെമ്മിനാണ് അന്യസംസ്ഥാനത്തു നിന്നും ഇവിടെ എത്തുന്നത്. ഇതിന്റെ സംസ്‌കരണത്തിനു ശേഷം പുറം തള്ളുന്ന മലിനജലം പ്രദേശത്തെ നൂറുകണക്കിന് വീടുകളിലേയ്‌ക്കാണ് ഓടകള്‍, തോട് എന്നിവ വഴി ഒഴുകി എത്തുന്നത്.
കൂടാതെ വെള്ളത്തില്‍ ചേര്‍ക്കുന്ന കെമിക്കലുകള്‍ നാട്ടുകാരെ വിവിധ തരത്തിലുളള മാരകരോഗങ്ങള്‍ക്കും അടിമകളാക്കി കഴിഞ്ഞു.
പലരുടേയും കാലുകള്‍ പഴുക്കുന്നതാണ് വലിയ ഭീഷണിയായി നില നില്‍ക്കുന്നത്. കാല്‍ പഴുത്തു കഴിഞ്ഞാല്‍ മുറിവ് ഉണങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ചു മാറ്റിയതോടെ ജനങ്ങള്‍ ഭീതിയിലായി.
കരൂര്‍ നാലു പറയില്‍ അഹമ്മദി(72) ന്റെ ഒരു കാലിന്റെ പത്തിയും മറ്റൊരു കാലിന്റെ വിരലും മുറിച്ചു മാറ്റിയതിനു പിന്നാലെ കാട്ടുങ്കല്‍ കമലാസനന്റെ കാല്‍വിരലും ഇതേ അസുഖത്തെ തുടര്‍ന്ന് മുറിച്ചു മാറ്റുവാന്‍ ഡോകടര്‍മാര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.
ഇതേ അവസ്ഥയാണ് നിലവില്‍ പ്രദേശവാസികള്‍ക്ക് പലര്‍ക്കും ഉള്ളത്. പഞ്ചായത്തും, ആരോഗ്യ വകുപ്പും പീലിംഗ് ഷെഡ് അടച്ചുപൂട്ടണം എന്ന് നിര്‍ദ്ദേശിച്ചിട്ടും ഇതിന്റെ പ്രവര്‍ത്തനം തടയാന്‍ തയാറാകാത്തതിനു പിന്നില്‍ ഷെഡ് ഉടമയും ഉത്തരവു നല്‍കിയവരും തമ്മിലുളള ഒത്തുകളിയാണന്നും ഇതിനെതിരെ ജില്ലാ കളകടര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് നല്‍കുവാനും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുവാനും തയാറെടുക്കുകയാണ് നാട്ടുകാര്‍.
















