ശ്രീജിത്ത്
ശ്രീനഗര്‍/ പാലക്കാട്: ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ ഭീകരാക്രമണത്തില്‍ മലയാളി അടക്കം മൂന്ന്‌സൈനികര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.വെടിവയ്‌പ്പില്‍ നാട്ടുകാരിയും മരിച്ചു.
പാലക്കാട് കോട്ടായി കോട്ടച്ചന്ത കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെ മകന്‍ എം.ജെ.ശ്രീജിത്താണ് (28) മരിച്ചത്. മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.മാര്‍ച്ച് എട്ടിന് നാട്ടിലേക്ക് വരാനിരിക്കെയാണ് വീരചരമം. അവിവാഹിതനാണ്.ശ്രീജയാണ് സഹോദരി.
എട്ട് വര്‍ഷമായി 44 രാഷ്‌ട്രീയ റൈഫിള്‍സില്‍ ഡ്രൈവറാണ്. രാജസ്ഥാനിലെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ ജോലി ചെയ്യവെ ആറുമാസം മുന്‍പാണ് കാശ്മിരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്. പുതിയ വീടെന്ന ഏറെനാളത്തെ സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് ശ്രീജിത്ത് നാടിനായി വീരമൃത്യൂവരിച്ചത്.
തറവാടിനോട് ചേര്‍ന്ന് ഒന്നരവര്‍ഷം മുമ്പാണ് വീട് പണിആരംഭിച്ചത്. പണി ഏറെക്കൂറെ പൂര്‍ത്തിയായി. അവധി കഴിഞ്ഞ് മടങ്ങും മുന്‍പ് ഗൃഹപ്രവേശം നടത്തണമെന്നായിരുന്നു ശ്രീജിത്തിന്റെ ആഗ്രഹം. രണ്ടു ദിവസം മുന്‍പ് അമ്മയെ വിളിച്ചപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദ്ദീനാണ് സംഭവത്തിനു പിന്നില്‍. മാത്രിഗാമില്‍ തെരച്ചിലിനു പോയി മടങ്ങിയ 44 രാഷ്‌ട്രീയ റൈഫിള്‍സിലെ സൈനികര്‍ കയറിയ ഏഴു വാഹനങ്ങള്‍ അടങ്ങിയ വ്യൂഹത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യം തിരിച്ചുവെടിവച്ചു. വെടിവയ്‌പ്പിലാണ് മൂന്നു സൈനികര്‍ മരിച്ചത്. വീടിനുള്ളിലേക്ക് പാഞ്ഞ വെടിയുണ്ട ജനാ ബീഗം എന്ന വൃദ്ധയുടെ ജീവനുമെടുത്തു.
















