മുംബൈ: രണ്ടു കാലഘട്ടങ്ങളിലായി ഇന്ത്യ കണ്ട മികച്ച സ്പിന്നര്‍മാരാണ് രവിശാസ്ത്രിയും ഹര്‍ഭജന്‍ സിങ്ങും. ഇന്ത്യയില്‍ ഓസ്‌ട്രേലിയ മികച്ച വിജയം നേടിയതിനെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇവര്‍ ഓസീസ് സ്പിന്നര്‍ സ്റ്റീവ് ഒ കീഫിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് ശ്രദ്ധേയമായി. കീഫിന്റെ പന്ത്രണ്ടു വിക്കറ്റ് പ്രകടമാണ് ഓസ്‌ട്രേലിയയെ മികച്ച വിജയത്തിലേക്കു നയിച്ചത്. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍മാര്‍ക്ക് കളിയില്‍ സ്വീധീനം ചെലുത്താന്‍ കഴിഞ്ഞതുമില്ല.
നേര്‍ക്കു നേര്‍ വന്നപ്പോഴൊക്കെ ഓസ്‌ട്രേലിയന്‍ കളിക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല ഹര്‍ഭജന്‍ എന്നോര്‍ക്കുക. ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്‌ക്ക് 0-4 പരാജയമായിരിക്കും എന്നാണ് ഹര്‍ഭജന്‍ പ്രവചിച്ചിരുന്നത്. ഇതു തെറ്റിയതിന്റെ നിരാശയുമുണ്ടായിരുന്നു പ്രതികരണത്തില്‍.
ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ട്വീറ്റ് ചെയ്ത ഹര്‍ഭജന്‍, കീഫിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നേയില്ല. അതെക്കുറിച്ചുള്ള വിശദീകരണത്തിലാണ് പൂനെയിലെ പിച്ചിന്റെ കുഴപ്പമാണ് എല്ലാം എന്ന രീതിയില്‍ ഹര്‍ഭജന്‍ തന്റെ അഭിപ്രായം പറഞ്ഞത്. ഇതിനെ ഒരു പിച്ച് എന്നു പറയാന്‍ പോലുമാവില്ല. മികച്ച ടെസ്റ്റ് വിക്കറ്റില്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്നതു വരെ കീഫിനെക്കുറിച്ച് അഭിപ്രായം പറയില്ല.
ടെസ്റ്റ് അഞ്ചു ദിവസത്തെ കളിയാണ്. ഇത്രവേഗം കളി തീരുന്ന തരത്തിലുള്ള പിച്ചുകള്‍ ഉണ്ടാക്കിയിട്ടാല്‍ എന്ത് പറയാനാണ്? ഹര്‍ഭജന്‍ ചോദിക്കുന്നു.
കീഫിന്റെ മികവിനേക്കാള്‍ പിച്ചിന്റെ പ്രശ്‌നവും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പിഴവുകളുമാണ് ഓസീസ് വിജയത്തിനു പിന്നില്‍ എന്ന തരത്തിലാണ് രവി ശാത്രിയും പ്രതികരിക്കുന്നത്. കീഫിന്റെ പന്തുകള്‍ക്ക് കാര്യമായ സ്പിന്‍ കിട്ടിയിരുന്നില്ല. കൃത്യമായി വിക്കറ്റിലേക്കു പന്തെറിഞ്ഞു എന്നതു മാത്രമാണ്് കീഫിന്റെ മികവ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരുടെ പിഴവുകള്‍ കീഫിനു ഗുണമായി, ശാസ്ത്രി പറയുന്നു.
















